എനിക്ക് മുഖ്യമന്ത്രിയാകണം; തേജസ്വിയുമായുള്ള ധാരണ പാലിക്കാതെ ബിജെപിക്കൊപ്പം ചേരാന്‍ നിതീഷ്; അധികാര ആര്‍ത്തിക്കായി ബിഹാറില്‍ വീണ്ടും കാലുമാറ്റം

ബിഹാറില്‍ വീണ്ടും കാലുമാറ്റവുമായി ജെഡിയു അധ്യക്ഷന്‍ നിതീഷ് കുമാര്‍. സഖ്യസര്‍ക്കാറിനെ മറിച്ചിട്ട് നിതീഷ് കുമാര്‍ ബിജെപി സഖ്യത്തിലേക്ക് ചേക്കേറുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. 28 ന് ജെഡിയു-ബിജെപി സര്‍ക്കാര്‍ അധികാരമേല്‍ക്കുമെന്ന് മിന്റ് ചെയ്തു.

ബിജെപിയുടെ മുതിര്‍ന്ന നേതാവ് സുശീല്‍ കുമാര്‍ മോഡി ഉപമുഖ്യമന്ത്രിയാകും. അടഞ്ഞ വാതിലുകളും തുറക്കാനാകുമെന്നും, സാധ്യതകളുടെ കളിയാണ് രാഷ്ട്രീയമെന്നും സുശീല്‍കുമാര്‍ മോഡി മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം, ജെഡിയു എംഎല്‍എമാരുടെ അടിയന്തര യോഗം വിളിച്ചിട്ടുണ്ട്. ആര്‍ജെഡിയുടെ ചാക്കിടല്‍ തടയാനുള്ള മുന്‍കരുതല്‍ നടപടി കൂടി പരിഗണിച്ചാണിത്. സഖ്യസര്‍ക്കാര്‍ തകരാതിരിക്കാന്‍ കോണ്‍ഗ്രസും ആര്‍ജെഡിയും ശ്രമം ആരംഭിച്ചിട്ടുണ്ട്.

മുഖ്യമന്ത്രി സ്ഥാനം തനിക്ക് നല്‍കണമെന്നും രണ്ട് ഉപമുഖ്യമന്ത്രി സ്ഥാനം ബിജെപിക്ക് നല്‍കാമെന്നും ജെഡി-യു അധ്യക്ഷന്‍ കൂടിയായ നിതീഷ് കുമാര്‍ എന്‍ഡിഎ അറിയിച്ചതായാണ് പുറത്തുവരുന്ന വിവരം.

ഞായറാഴ്ച വരെയുള്ള നിതീഷന്റെ പൊതുപരിപാടികളും റദ്ദാക്കിയിട്ടുണ്ട്. പുതിയ സര്‍ക്കാര്‍ ഉണ്ടാക്കുന്നതിന് മുമ്പ് ആര്‍ജെഡിയും ജെഡി-യുവും കോണ്‍ഗ്രസും ഇടതുപാര്‍ട്ടികളും ചേര്‍ന്ന മഹാസഖ്യ സര്‍ക്കാര്‍ പിരിച്ചുവിടും.

മുതിര്‍ന്ന ബിജെപി നേതാവ് സുശീല്‍ കുമാര്‍ മോദിയെയും ബിജെപി സംസ്ഥാന അധ്യക്ഷനെയും പാര്‍ട്ടി ദേശീയ നേതൃത്വം ഡല്‍ഹിയിലേയ്ക്ക് വിളിപ്പിച്ചിട്ടുണ്ട്.

തേജസ്വി യാദവിനായി മുഖ്യമന്ത്രിപദം ലോക്സഭാ തെരഞ്ഞെടുപ്പിനു മുമ്പ് നിതീഷ് ഒഴിഞ്ഞുകൊടുക്കണമെന്നാണ് 2022ല്‍ ഉണ്ടാക്കിയ ധാരണ. എന്നാല്‍ ലോക്സഭാ തെരഞ്ഞെടുപ്പിനുമുമ്പ് പദവിയൊഴിയാന്‍ നിതീഷ് തയാറാകാതെയാണ് മറുകണ്ടം ചാടുന്നത്.