രാജ്യസഭയിലേക്ക് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച് നിതീഷ് കുമാര്‍; അമിത് ഷായുടെ സാന്നിധ്യത്തില്‍ പത്രിക സമര്‍പ്പണം; ബിഹാറില്‍ ആദ്യമായി ബിജെപി മുഖ്യമന്ത്രിക്ക് അവസരമൊരുക്കി പിന്മാറ്റം

ബിഹാറില്‍ ലാലു- നിതീഷ് യുഗം വഴിമാറുന്നു. സംസ്ഥാനത്ത് ആദ്യ ബിജെപി മുഖ്യമന്ത്രിക്ക് അവസരമൊരുക്കിയാണ് നിതീഷ് കുമാര്‍ വഴിമാറുന്നത്. രാജ്യസഭാ തിരഞ്ഞെടുപ്പിനായി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ച അഞ്ച് എന്‍ഡിഎ സ്ഥാനാര്‍ത്ഥികളില്‍ ഒരാള്‍ ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറാണ്. മകനെ ഉപമുഖ്യമന്ത്രിയാക്കി രാജ്യസഭയിലേക്ക് നീങ്ങുന്ന ഫോര്‍മുല ജെഡിയു നേതാവ് തയ്യാറാക്കിയെന്ന അഭ്യൂഹങ്ങള്‍ക്കൊടുവിലാണ് നിതീഷ് കുമാറിന്റെ രാജ്യസഭയിലേക്കുള്ള പത്രിക സമര്‍പ്പണം. ബിജെപി പ്രസിഡന്റ് നിതിന്‍ നബിനും രാജ്യസഭയിലേക്ക് പട്‌നയില്‍ നിന്നുണ്ട്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ സാന്നിധ്യത്തില്‍ നിയമസഭാ സെക്രട്ടറി ഖ്യാതി സിങ്ങിന്റെ ഓഫീസിലാണ് നിതീഷ് കുമാര്‍ പത്രിക സമര്‍പ്പിച്ചത്.

ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശിവേഷ് കുമാര്‍, ജെഡിയുവിന്റെ രാം നാഥ് താക്കൂര്‍, ആര്‍എല്‍എമ്മിന്റെ ഉപേന്ദ്ര കുശ്വാഹ എന്നിവരാണ് രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ച മറ്റ് എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍. രാജ്യസഭയിലേക്കു മത്സരിക്കുകയാണെന്ന് വ്യക്തമാക്കി ജെഡിയു അധ്യക്ഷനും ബിഹാര്‍ മുഖ്യമന്ത്രിയുമായ നിതീഷ് കുമാര്‍ ഇന്നാണ് അഭ്യൂഹങ്ങള്‍ അവസാനിപ്പിച്ചത്. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിവസത്തിലാണ് നിര്‍ണായക നീക്കം. ബിഹാറില്‍ ഏറ്റവും കൂടുതല്‍ കാലം അധികാരത്തിലിരുന്ന മുഖ്യമന്ത്രിയാണ് നിതീഷ് കുമാര്‍. 2005ലാണ് അദ്ദേഹം ആദ്യമായി മുഖ്യമന്ത്രിയായത്.

പുതിയ സര്‍ക്കാരിന് എല്ലാവിധ സഹകരണവും നല്‍കുമെന്നും ആവശ്യമായ മാര്‍ഗനിര്‍ദേശങ്ങളും നല്‍കുമെന്നും നിതീഷ് കുമാര്‍ പറഞ്ഞു. ബിജെപിയുടെ ഉപമുഖ്യമന്ത്രി സമ്രാട്ട് ചൗധരിക്കാണു മുഖ്യമന്ത്രി സ്ഥാനത്തേക്കു സാധ്യത കല്‍പ്പിക്കപ്പെടുന്നത്. നിതീഷ് കുമാറിന്റെ മകന്‍ നിശാന്ത് കുമാറിനെ മന്ത്രിസഭയിലോ സംഘടനാ പദവികളിലോ നിയോഗിച്ചേക്കുമെന്നും സൂചനയുണ്ട്.

ബിഹാറിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ബിജെപിക്ക് മുഖ്യമന്ത്രി സ്ഥാനം കിട്ടുക. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ബിഹാറിലെത്തി പത്രികാ സമര്‍പ്പണത്തിന് ഒപ്പം നിന്നതോടെ മുഖ്യമന്ത്രി പ്രഖ്യാപനവും ഉടന്‍ ഉണ്ടാകുമെന്നാണ് സൂചന. മുഖ്യമന്ത്രി സ്ഥാനം ഒഴിയാനുള്ള നിതീഷ് കുമാറിന്റെ തീരുമാനത്തോടു പാര്‍ട്ടി നേതാക്കളും അണികളും പ്രതിഷേധിക്കുമെന്ന ആശങ്കയിലാണ് ഔദ്യോഗിക പ്രഖ്യാപനം അവസാന സമയത്തേക്ക് നീട്ടിയത്. ജെഡിയു മന്ത്രിമാര്‍ ഉള്‍പ്പെടെ മുതിര്‍ന്ന നേതാക്കളോടു പോലും കൂടിയാലോചിക്കാതെയാണു നിതീഷ് സ്ഥാനമൊഴിയാനുള്ള തീരുമാനമെടുത്തതെന്നാണ് പുറത്തുവരുന്ന വിവരം. പിന്തിരിപ്പിക്കാനായി ചില ജെഡിയു നേതാക്കള്‍ അവസാനഘട്ട ശ്രമം നടത്തിയെങ്കിലും തീരുമാനത്തെ സ്വാധീനിക്കാനായില്ല. അനാരോഗ്യമാണു സ്ഥാനമൊഴിയാന്‍ നിതീഷിനെ പ്രേരിപ്പിച്ചത്. പൊതുവേദികളിലും നിയമസഭയിലും മുഖ്യമന്ത്രിയുടെ പെരുമാറ്റം പലപ്പോഴും പദവിക്കു ചേരാത്ത രീതിയിലായിരുന്നു. ഓര്‍മക്കുറവ് ഉള്‍പ്പെടെയുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ ഔദ്യോഗിക കൃത്യനിര്‍വഹണത്തെ ബാധിക്കുന്ന തലത്തിലെത്തിയിരുന്നു.