ഡീസല്‍ വാഹനങ്ങളെ നിരത്തില്‍ നിന്ന് ഓടിക്കാന്‍ നിതിന്‍ ഗഡ്കരി; വിലകൂട്ടി ജനങ്ങളെ അകറ്റും; ഇവിയ്ക്ക് വഴിയൊരുക്കാന്‍ തിരക്കിട്ട് നീക്കങ്ങള്‍; കേന്ദ്ര സര്‍ക്കാരിന് രണ്ടു ലക്ഷ്യങ്ങള്‍

ഡീസല്‍ വാഹനങ്ങളുടെ വില വര്‍ദ്ധിപ്പിക്കാന്‍ ശുപാര്‍ശ ചെയ്യുമെന്ന് കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി. പത്ത് ശതമാനം ജിഎസ്ടി വര്‍ദ്ധനയ്ക്കാണ് കേന്ദ്ര നീക്കം. കൂടാതെ പത്ത് ശതമാനം മലിനീകരണ നികുതി ചുമത്താന്‍ ധനമന്ത്രാലയത്തോട് അഭ്യര്‍ത്ഥിക്കുമെന്നും നിതിന്‍ ഗഡ്കരി കൂട്ടിച്ചേര്‍ത്തു. ഡീസല്‍ വാഹനങ്ങളുടെ ഉപയോഗം കുറയ്ക്കാന്‍ ലക്ഷ്യമിട്ടാണ് കേന്ദ്ര നീക്കം.

ഇത് സംബന്ധിച്ച് നിര്‍ദ്ദേശമടങ്ങിയ കത്ത് ഇന്ന് വൈകുന്നേരത്തോടെ ധനമന്ത്രിയ്ക്ക് കൈമാറും. ഡല്‍ഹിയില്‍ നടന്ന പൊരുപരിപാടിയില്‍ സംസാരിക്കുമ്പോഴായിരുന്നു കേന്ദ്ര മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ഡീസല്‍ വാഹനങ്ങള്‍ സൃഷ്ടിക്കുന്ന മലിനീകരണത്തില്‍ കേന്ദ്ര മന്ത്രി നേരത്തെയും ആശങ്ക പ്രകടിപ്പിച്ചിരുന്നു.

ഇന്ത്യന്‍ നിരത്തുകളില്‍ കൂടുതല്‍ ഇലക്ട്രിക് വാഹനങ്ങള്‍ അവതരിപ്പിക്കാനും മലിനീകരണം തടയാനും ലക്ഷ്യമിട്ടാണ് പുതിയ നീക്കം. ഡീസല്‍ ഉപഭോഗം കുറയ്ക്കാന്‍ ഓട്ടോമൊബൈല്‍ കമ്പനികള്‍ തന്നെ മുന്‍കൈയെടുക്കണം. ഡീസലിനോട് വിട പറഞ്ഞ് അവ നിര്‍മിക്കുന്നത് നിര്‍ത്തണമെന്നും അല്ലാത്തപക്ഷം ഡീസല്‍ വാഹനങ്ങളുടെ വില്‍പ്പന കുറയ്ക്കാനായി സര്‍ക്കാര്‍ നികുതി വര്‍ധിപ്പിക്കുമെന്നും നിതിന്‍ ഗഡ്കരി വ്യക്തമാക്കി.

അന്തരീക്ഷ മലിനീകരണത്തിന് പരിഹാരം സൃഷ്ടിക്കാന്‍ പൂര്‍ണ്ണമായും എഥനോളില്‍ ഓടുന്ന വാഹനങ്ങള്‍ നിരത്തിലിറക്കുമെന്നും കേന്ദ്രമന്ത്രി മുന്‍പ് പറഞ്ഞിരുന്നു. ഇതിനായി കരിമ്പിന്‍ ജ്യൂസില്‍ നിന്ന് എഥനോള്‍ ഉത്പാദിപ്പിക്കാനുള്ള പദ്ധതിയും പ്രഖ്യാപിച്ചിരുന്നു. രാജ്യത്തെ കര്‍ഷകര്‍ക്ക് ഇത് ഗുണം ചെയ്യുമെന്നും അന്ന് മന്ത്രി അഭിപ്രായപ്പെട്ടിരുന്നു.

2014 മുതല്‍ ഡീസല്‍ കാറുകളുടെ ഉത്പാദനത്തില്‍ ഗണ്യമായ കുറവുണ്ടായിട്ടുണ്ട്. മൊത്തം ഉത്പാദനത്തിന്റെ 52 ശതമാനമായിരുന്നു 2014ല്‍ ഡീസല്‍ കാറുകളെങ്കില്‍ ഇപ്പോഴത് 18 ശതമാനത്തിലെത്തിയെന്നും ഗഡ്കരി കൂട്ടിച്ചേര്‍ത്തു.