രാജ്യസഭയില്‍ സിപിഎമ്മിനേയും കേരളത്തിലെ നോക്കുകൂലിയേയും രൂക്ഷമായി പരിഹസിച്ച് ധനമന്ത്രി നിര്‍മല സീതാരാമന്‍. കേരളത്തിനെതിരെ രാജ്യസഭയില്‍ രൂക്ഷ വിമര്‍ശനത്തിന് കേരളത്തിലെ നോക്കുകൂലിയാണ് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ആയുധമാക്കിയത്. കേരളത്തില്‍ ബസില്‍ ചെന്നിറങ്ങിയാല്‍ ലഗേജെടുക്കാന്‍ നമ്മള്‍ നോക്കുകൂലി കൊടുക്കേണ്ടി വരുമെന്നാണ് ധനമന്ത്രി ചൂണ്ടിക്കാണിച്ചത്. സിപിഎം കാര്‍ഡുള്ളവരാണ് ഇത്തരത്തില്‍ നോക്കുകൂലി വാങ്ങുന്നതെന്നും ഈ നോക്കുകൂലി പ്രതിഭാസം കേരളത്തില്‍ മാത്രമേ കാണാന്‍ കഴിയൂ മറ്റെവിടേയും ഉണ്ടാവില്ലെന്നും ട്രഷറി ബെഞ്ചിലിരിക്കുന്നവരെ നോക്കി നിര്‍മല പറഞ്ഞു.
നോക്കുകൂലിയെന്ന മലയാള പദത്തിന്റെ അര്‍ത്ഥവും എംപിമാര്‍ക്ക് നിര്‍മല പറഞ്ഞു കൊടുക്കുന്നുണ്ട്. നോക്കു മീന്‍സ് ലുക്ക് എന്ന് പറഞ്ഞാണ് കഥാപ്രസംഗ ശൈലിയില്‍ ധനമന്ത്രി നോക്കുകൂലിയെ കുറിച്ചു പറയുന്നത്. ഒരു ബസില്‍ ചെന്നിറങ്ങി ലഗേജ് എടുക്കണമെങ്കില്‍ ലഗേജ് ഇറക്കിവെയ്ക്കുന്ന ആള്‍ക്ക് 50 രൂപ കൊടുത്താല്‍ അത് നോക്കി ഇരിക്കുന്ന സിപിഎം കാര്‍ഡ് ഹോള്‍ഡര്‍ക്ക് 50 രൂപ നോക്കുകൂലിയായി കൊടുക്കേണ്ടി വരുമെന്നാണ് നിര്‍മല സീതാരാമന്‍ പറഞ്ഞത്. പെട്ടിയിറക്കി താഴെവെയ്ക്കുന്നത് നോക്കിനില്‍ക്കുന്നതിനാണ് ഈ കൂലിയെന്നും അവര്‍ വിശദീകരിച്ചു.
സിപിഎമ്മുകാരാണ് നോക്കുകൂലിക്ക് പിന്നിലെന്നും ഇത്തരത്തിലുള്ള കമ്മ്യൂണിസമാണ് കേരളത്തിലെ വ്യവസായ തകര്‍ച്ചക്ക് കാരണമെന്നും ഇത്തരത്തിലുള്ള കമ്മ്യൂണിസം തന്നെയാണ് പശ്ചിമ ബംഗാളിലും ത്രിപുരയിലും വ്യവസായം തകര്‍ത്തതെന്നും അവര്‍ പറഞ്ഞു.
സിപിഎം അംഗങ്ങള്‍ രാജ്യസഭയില്‍ ബഹളം വെച്ചതോടെ ഞാന്‍ ഭോഷ്‌ക് പറയുകയാണെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ എന്ന് ചോദിച്ച് മുഖ്യമന്ത്രി പിണറായി വിജയന്റെ രണ്ട് ദിവസം മുമ്പുള്ള പ്രസ്താവനയും സഭയില്‍ നിര്‍മല ഓര്‍മ്മിപ്പിച്ചു. നോക്കുകൂലിയെന്ന പ്രതിഭാസം ഇല്ലെങ്കില്‍ കേരളത്തിന്റെ മുഖ്യമന്ത്രിക്ക് 2 ദിവസം മുന്‍പ് നല്‍കിയ ഇന്റര്‍വ്യൂവില്‍ പോലും അവിടെ നോക്കുകൂലിയില്ലെന്ന് പറയേണ്ടി വരുന്നത് എന്തിനെന്നാണ് അവര്‍ ചോദിച്ചത്. തന്നെ കൂടുതല്‍ പഠിപ്പിക്കാന്‍ നില്‍ക്കേണ്ടെന്നും ആ മേഖലയില്‍ നിന്നുള്ളയാളാണ് താനെന്നും പ്രതിഷേധിച്ച പ്രതിപക്ഷ അംഗങ്ങളോട് അവര്‍ പറഞ്ഞു.
താനും ദക്ഷിണേന്ത്യയിലെ ആ ഭാഗത്ത് നിന്നാണെന്നും കേരളത്തിലെ ഏതെങ്കിലും നഗരത്തില്‍ നിന്നല്ലെന്നുള്ള വ്യത്യാസം മാത്രമേ ഉള്ളുവെന്നും ആ പ്രദേശത്തെ കുറിച്ച് എനിക്ക് അറിയില്ലെന്ന് കരുതരുതെന്നും നിര്‍മല പറഞ്ഞു. നിര്‍മലയുടെ വിശദീകരണങ്ങള്‍ക്ക് തടസമുണ്ടാകാതിരിക്കാന്‍ ശ്രദ്ധിച്ച് പ്രസംഗം ആസ്വദിച്ച് സഭ നിയന്ത്രിച്ച രാജ്യസഭ ഉപാധ്യക്ഷന്‍ ഹരിവന്‍ഷ് നാരായണ്‍ സിങിന്റെ ദൃശ്യങ്ങളും ശ്രദ്ധേയമാണ്.