നിര്‍ഭയ കേസ്: പുതിയ തിരുത്തല്‍ ഹര്‍ജിയും ദയാഹര്‍ജിയും നല്‍കാന്‍ അനുവദിക്കണമെന്ന് സുപ്രീം കോടതിയോട് പ്രതി മുകേഷ് സിംഗ്

നിര്‍ഭയ കേസിൽ പുതിയ തിരുത്തല്‍ ഹര്‍ജിയും ദയാഹര്‍ജിയും നല്‍കാന്‍ അനുവദിക്കണമെന്ന് സുപ്രീം കോടതിയോട് ആവശ്യപ്പെട്ട് പ്രതി മുകേഷ് സിംഗ്. കേസിലെ നാലു പ്രതികളുടെയും വധശിക്ഷ മാര്‍ച്ച് 20-ന് നടപ്പാക്കണമെന്ന് കഴിഞ്ഞ ദിവസം ഡല്‍ഹി പാട്യാല ഹൗസ് കോടതി മരണ വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ഇതിനു പിന്നാലെയാണ് മുകേഷ് സിംഗ് സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.

നേരത്തെ മുകേഷ് സിംഗ് നൽകിയ ദയാഹർജി രാഷ്ട്രപതി രാം നാഥ് കോവിന്ദ് തള്ളിയിരുന്നു. എന്നാൽ തന്റെ സമ്മതം കൂടാതെയാണ് അഭിഭാഷകയായ ബൃന്ദ ഗ്രോവര്‍ ദയാഹര്‍ജിയും തിരുത്തല്‍ ഹര്‍ജിയും സമര്‍പ്പിച്ചതെന്നും അതിനാല്‍ പുതിയ ഹര്‍ജി നല്‍കാന്‍ അനുമതി നല്‍കണമെന്നുമാണ് മുകേഷ് സിംഗ് കോടതിയോട് ആവശ്യപ്പെട്ടിരിക്കുന്നത്.

അഭിഭാഷകനായ മനോഹര്‍ലാല്‍ ശര്‍മയാണ് മുകേഷ് സിംഗിന് വേണ്ടി ഇപ്പോള്‍ ഈ ഹര്‍ജി സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്. ബൃന്ദ ഗ്രോവറിന് എതിരെ സി.ബി.ഐ. അന്വേഷണം നടത്തണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നുണ്ട്. കോടതി ഇന്ന് ഹോളി അവധിക്കായി അടയ്ക്കുകയാണ്. ഇനി കോടതി തുറക്കുമ്പോഴായിരിക്കും ഹര്‍ജി പരിഗണിക്കുക.