അഭിപ്രായ സ്വാതന്ത്ര്യം കൂടുതലുള്ളത് മോദി ഭരണത്തില്‍; സര്‍ക്കാരിനെ അനുകൂലിച്ച് 69 പ്രമുഖരുടെ മറുകത്ത്

ജയ് ശ്രീറാം വിളിപ്പിച്ച് നിരപരാധികളെ ആള്‍ക്കൂട്ടം തല്ലിക്കൊല്ലുന്നതിനും രാജ്യത്ത് വര്‍ദ്ധിച്ചു വരുന്ന അക്രമ സംഭവങ്ങള്‍ക്കുമെതിരെ രാജ്യത്തെ 49 പ്രമുഖ വ്യക്തികള്‍ കേന്ദ്രസര്‍ക്കാരിന് കത്തെഴുതിയതിനെതിരെ മറുകത്ത്. രാഷ്ട്രീയപ്രേരിതമായാണ് ഇത്തരമൊരു കത്തെഴുതപ്പെട്ടതെന്നും തെറ്റായ ധാരണകള്‍ പരത്തുകയാണ് ലക്ഷ്യമെന്നും ആരോപിച്ച് 62 പേര്‍ ഒപ്പിട്ട കത്താണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്.

കേന്ദ്ര സെന്‍സര്‍ ബോര്‍ഡ് അദ്ധ്യക്ഷന്‍ പ്രസൂണ്‍ ജോഷി, ബോളിവുഡ് നടി കങ്കണ റണൗട്ട്, സംവിധായകരായ മധുര്‍ ഭണ്ഡാര്‍കര്‍, വിവേക് അഗ്‌നഹോത്രി, നര്‍ത്തകിയും രാജ്യസഭാ എം.പിയുമായ സോണാല്‍ മാന്‍സിംഗ് എന്നിവരടക്കമുള്ള പ്രമുഖര്‍ കത്തില്‍ ഒപ്പിട്ടിട്ടുണ്ട്. മുമ്പെങ്ങുമില്ലാത്ത വിധത്തിലുള്ള സ്വാതന്ത്ര്യം മോദിയുടെ ഭരണകാലത്തുണ്ട്. വിയോജിപ്പുകള്‍ പ്രകടിപ്പിക്കാനും സര്‍ക്കാരിനെ വിമര്‍ശിക്കാനും അധിക്ഷേപിക്കാനും സ്വാതന്ത്ര്യം രാജ്യത്തുണ്ടെന്നും കത്തില്‍ പറയുന്നു.

ജൂലായ് 23-ന് പുറത്തുവിട്ട ഒരു തുറന്ന കത്ത് ഞങ്ങളെ അത്ഭുതപ്പെടുത്തിയിരിക്കുകയാണ്. രാജ്യത്തിന്റെ സ്വയംപ്രഖ്യാപിത സംരക്ഷകരും മനഃസാക്ഷി സൂക്ഷിപ്പുകാരുമായ 49 പേര്‍ അവരുടെ പക്ഷപാതപരമായ താത്പര്യങ്ങളും രാഷ്ട്രീയമായ പക്ഷപാതിത്വങ്ങളും പ്രകടിപ്പിച്ചുകൊണ്ടാണ് എഴുതിയിരിക്കുന്നത്.

പ്രധാനമന്ത്രി മോദിയുടെ പ്രവര്‍ത്തനങ്ങളെ മോശമായി ചിത്രീകരിക്കുന്ന തെറ്റായ ആഖ്യാനങ്ങള്‍ സൃഷ്ടിക്കാനുള്ള ശ്രമമാണ് ഇത്തരക്കാര്‍ നടത്തുന്നത്. നക്സലുകളുടെ ആക്രമണത്തില്‍ ആദിവാസികളും പാര്‍ശ്വവത്കൃതരും ഇരകളാക്കപ്പെട്ടപ്പോഴും വിഘടനവാദികള്‍ കശ്മീരിലെ വിദ്യാലയങ്ങള്‍ ചുട്ടെരിക്കാന്‍ ആഹ്വാനം ചെയ്തപ്പോഴും ഇന്ത്യയെ വിഭജിക്കാനുള്ള ആവശ്യം ഉയര്‍ന്നപ്പോഴുമെല്ലാം ഇവര്‍ നിശ്ശബ്ദത പാലിക്കുകയായിരുന്നെന്നും കത്തില്‍ ആരോപിക്കുന്നു.

മുസ്ലിങ്ങളെയും ദളിതരെയും കൂട്ടംചേര്‍ന്നു ആക്രമിക്കുകയും കൊലപ്പെടുത്തുകയും ചെയ്യുന്ന പ്രവണത അടിയന്തരമായി തടയണമെന്നാവശ്യപ്പെട്ട് ചലച്ചിത്ര, സാഹിത്യമേഖലയിലെ പ്രമുഖര്‍ ചേര്‍ന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് തുറന്ന കത്തയച്ചത്.

Read more

എതിരഭിപ്രായമില്ലാതെ ജനാധിപത്യമില്ലെന്നു ചൂണ്ടിക്കാട്ടി രാമചന്ദ്ര ഗുഹ, അടൂര്‍ ഗോപാലകൃഷ്ണന്‍, മണിരത്നം, രേവതി, അനുരാഗ് കശ്യപ്, അപര്‍ണാ സെന്‍, കൊങ്കണാ സെന്‍, സൗമിത്ര ചാറ്റര്‍ജി തുടങ്ങി 49 പേര്‍ കത്തയച്ചത്. “ജയ് ശ്രീറാം” എന്നത് ഇപ്പോള്‍ യുദ്ധപ്രഖ്യാപനമായി മാറിയെന്നു കത്തില്‍ പറയുന്നു.