'വധു ഡോക്ടറാണ്'; പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ വീണ്ടും വിവാഹിതനാകുന്നു

പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ വീണ്ടും വിവാഹിതനാകുന്നു. ഡോക്ടർ ഗുർപ്രീത് കൗർ ആണ് വധു. ചണ്ഡീഗഡിലെ വസതിയിൽ വെച്ച് നാളെയാണ് വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുക്കുന്ന ചടങ്ങിൽ എഎപി നാഷണൽ കൺവീനറും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജരിവാളും പങ്കെടുക്കും.

ഭഗവന്ത് മാന്റെ രണ്ടാം വിവാഹമാണിത്. 6 വർഷം മുൻപാണ് വിവാഹ മോചിതനായത്. ആദ്യ ഭാര്യയിൽ ഭഗവന്ത് മാന് രണ്ടു മക്കളുണ്ട്. ആദ്യ ഭാര്യ ഇന്ദർപ്രീത് കൗറും മക്കളും അമേരിക്കയിലാണ് താമസം. അദ്ദേഹത്തിന്റെ സത്യപ്രതിജ്ഞ ചടങ്ങിന് മക്കൾ എത്തിയിരുന്നു.

ഈ വർഷം ആദ്യം നടന്ന പഞ്ചാബ് തിരഞ്ഞെടുപ്പിൽ കോൺഗ്രസിനെ പുറത്താക്കി ആം ആദ്മി പാർട്ടി വിജയിച്ചതിനെ തുടർന്നാണ് മാൻ മുഖ്യമന്ത്രിയായത്. 2011 ൽ പീപ്പിൾസ് പാർട്ടി ഓഫ് പഞ്ചാബിൽ ചേർന്നാണ് മാൻ രാഷ്ട്രീയ അരങ്ങേറ്റം കുറിച്ചത്.

തൊട്ടടുത്ത വർഷം ലെഹ്‌റ മണ്ഡലത്തിൽ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. 2014 ൽ സാങ്‌രൂരിൽ നിന്ന് ലോക്‌സഭാ ടിക്കറ്റിൽ മാൻ എഎപിയുമായി ഒപ്പുവച്ചു. തന്റെ ആദ്യ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മുൻ കേന്ദ്രമന്ത്രി സുഖ്‌ദേവ് സിംഗ് ദിൻഡ്‌സയ്‌ക്കെതിരെ മത്സരിച്ച അദ്ദേഹം 211,721 വോട്ടുകൾക്കാണ് വിജയിച്ചത്.