ഹിന്ദി അടിച്ചേല്‍പ്പിക്കാന്‍ ഒരിക്കലും നിര്‍ദേശിച്ചിട്ടില്ല, മാതൃഭാഷയ്‌ക്കൊപ്പം ഹിന്ദി കൂടി പഠിക്കണമെന്നാണ് അഭ്യര്‍ത്ഥിച്ചത്; വിശദീകരണവുമായി അമിത് ഷാ

ഹിന്ദി ഭാഷ അടിച്ചേല്‍പ്പിക്കാന്‍ ഒരിക്കലും നിര്‍ദേശിച്ചിട്ടില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. മാതൃഭാഷയ്‌ക്കൊപ്പം ഹിന്ദി കൂടി പഠിക്കണമെന്നാണ് അഭ്യര്‍ത്ഥിച്ചതെന്നും ഇതില്‍ രാഷ്ട്രീയം കാണുന്നവര്‍ക്ക് അങ്ങനെ ചെയ്യാന്‍ സ്വാതന്ത്ര്യമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

“ഒരു രാജ്യം, ഒരു ഭാഷ” പ്രസ്താവന വിവാദമായതോടെയാണ് ആഭ്യന്തര മന്ത്രി വിശദീകരണവുമായി രംഗത്തെത്തിയത്. രാജ്യത്തെ ഒരുമിപ്പിക്കുന്ന ഒരു ഭാഷയുണ്ടാകേണ്ടത് ആവശ്യമാണെന്ന് ഹിന്ദിദിനാചരണത്തിന്റെ ഭാഗമായി അമിത് ഷാ പറഞ്ഞിരുന്നു.

ഒരു രാജ്യം, ഒരു നികുതി, ഒറ്റ തിരഞ്ഞെടുപ്പ്, ഒരു ഭരണഘടന തുടങ്ങി ബിജെപി മുന്നോട്ടുവെച്ച മുദ്രാവാക്യങ്ങള്‍ക്ക് പിന്നാലെയായിരുന്നു ഇത്. ഗാന്ധിജിയുടെയും സര്‍ദാര്‍ പട്ടേലിന്റെയും സ്വപ്നം യഥാര്‍ത്ഥ്യമാകാന്‍ മാതൃഭാഷയ്‌ക്കൊപ്പം ഹിന്ദി കൂടി ഉപയോഗിക്കണമെന്നും അമിത് ഷാ ആഹ്വാനം ചെയ്തിരുന്നു.