'സ്ഥാനാർത്ഥികളെ തോൽപ്പിച്ചാൽ ബിഹാർ തെരുവുകളിൽ 'നേപ്പാൾ' സംഭവിക്കും'; ആർജെഡി നേതാവിന്റെ പ്രകോപന പരാമർശത്തിൽ കേസെടുത്ത് പൊലീസ്

ബീഹാർ നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ആർജെഡി നേതാവിന്റെ പ്രകോപന പരാമർശത്തിൽ കേസെടുത്ത് പൊലീസ്. ആർജെഡി നേതാവ് സുനിൽ സിംഗിനെതിരെയാണ് കേസ് എടുത്തത്. ആർജെഡി സ്ഥാനാർത്ഥികളെ തോൽപ്പിച്ചാൽ, നേപ്പാൾ, ബംഗ്ലാദേശ്, ശ്രീലങ്ക എന്നിവിടങ്ങളിൽ കണ്ടതിന് സമാനമായ സംഭവങ്ങൾ ബീഹാറിലും ഉണ്ടാകുമെന്നാണ് സുനിൽ സിം​ഗ് പറഞ്ഞത്.

തിരഞ്ഞെടുപ്പ് ഫലത്തിന് തൊട്ടുമുമ്പാണ് പ്രകോപന പരാമർശവുമായി ആർജെഡി നേതാവ് രംഗത്തെത്തിയത്. 2020-ൽ ഞങ്ങളുടെ നിരവധി സ്ഥാനാർത്ഥികളെ ബലപ്രയോഗത്തിലൂടെ പരാജയപ്പെടുത്തിയെന്നും പൊതുജനങ്ങൾ അവരുടെ അധികാരം നൽകിയ വ്യക്തിയെ നിങ്ങൾ പരാജയപ്പെടുത്തിയാൽ, നേപ്പാൾ, ബംഗ്ലാദേശ്, ശ്രീലങ്ക എന്നിവിടങ്ങളിലെ റോഡുകളിൽ നിങ്ങൾ കണ്ട അതേ കാഴ്ചകൾ ബിഹാറിലെ റോഡുകളിലും കാണണമെന്ന് വോട്ടെണ്ണൽ പ്രക്രിയയിൽ ഉൾപ്പെട്ട എല്ലാ ഉദ്യോഗസ്ഥരോടും ഞാൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്നും സുനിൽ സിംഗ് പറഞ്ഞു.

പൊതുജനവികാരത്തിന് വിരുദ്ധമായി എന്തെങ്കിലും സംഭവിച്ചാൽ സാധാരണക്കാർ തെരുവിലിറങ്ങുമെന്നും സുനിൽ സിംഗ് ഭീഷണി മുഴക്കി. ഞങ്ങൾക്ക് 140-160 സീറ്റുകൾ ലഭിക്കും. തേജസ്വി യാദവിന്റെ നേതൃത്വത്തിൽ സംസ്ഥാനത്ത് പുതിയ സർക്കാർ രൂപീകരിക്കുമെന്നും അവകാശപ്പെട്ടു. പ്രകോപനപരമായ പ്രസ്താവന നടത്തിയതിന് സുനിൽ സിംഗിനെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യാൻ ബിഹാർ ഡിജിപി ഉത്തരവിട്ടു. പരാമർശത്തോട് പ്രതികരിച്ചുകൊണ്ട് ജെഡിയു എംപി സഞ്ജയ് ഝാ രം​ഗത്തെത്തി. ഫലം എന്തായിരിക്കുമെന്ന് അവർക്കറിയാം. അവർ തോൽവി സമ്മതിച്ച് അവരുടെ ജനങ്ങളെ പ്രകോപിപ്പിക്കാൻ തുടങ്ങിയിരിക്കുന്നുവെന്നും സഞ്ജയ് ഝാ ​പറഞ്ഞു.

Read more