'നെഹ്റു യുവ കേന്ദ്ര' ഇനി മുതൽ 'മേരാ യുവഭാരത്'; പേര് മാറ്റി കേന്ദ്രസർക്കാർ

നെഹ്റു യുവ കേന്ദ്രയുടെ പേര് മാറ്റി കേന്ദ്രസർക്കാർ. മേരാ യുവഭാരത് എന്നാണ് പുതിയ പേര്. മേരാ യുവഭാരത് എന്നാണ് എൻവൈകെയുടെ വെബ്സൈറ്റിൽ ഇപ്പോൾ രേഖപ്പെടുത്തിയിരിക്കുന്നത്. 1972ലാണ് നെഹ്റു യുവ കേന്ദ്ര പ്രവർത്തനം ആരംഭിച്ചത്.

കേന്ദ്ര കായിക മന്ത്രാലയത്തിന് കീഴിലാണ് നെഹ്റു യുവ കേന്ദ്രം പ്രവർത്തിച്ചിരുന്നത്. പേരുമാറ്റം സംബന്ധിച്ച് ഇന്നലെയാണ് നെഹ്റു യുവകേന്ദ്ര കോർഡിനേറ്റർമാർക്കും നോഡൽ ഓഫീസർമാർക്കും അറിയിപ്പ് ലഭിക്കുന്നത്. ലോഗോ ഉൾപ്പെടെ മാറ്റാൻ കേന്ദ്ര സർക്കാർ ഉത്തരവിട്ടിരുന്നു. എന്നാൽ പേരുമാറ്റത്തിന് പിന്നിലെ കാരണം വ്യക്തമാക്കാൻ കേന്ദ്രം തയാറായിട്ടില്ല. പേരുമാറ്റം സംബന്ധിച്ച് രാജ്യവ്യാപകമായി പ്രതിഷേധം ഉയരുന്നുണ്ട്.

ഗ്രാമീണ യുവാക്കൾക്ക് രാഷ്ട്രനിർമ്മാണ പ്രക്രിയയിൽ പങ്കാളികളാകാൻ അവസരമൊരുക്കുക, അതോടൊപ്പം അവരുടെ വ്യക്തിത്വ വികാസത്തിനും വികസനപ്രവർത്തനങ്ങളിൽ ഭാഗമാക്കുന്നതിനും വേണ്ടിയാണ് നെഹ്റു യുവ കേന്ദ്രങ്ങൾ സ്ഥാപിതമായത്. താഴേത്തട്ടിൽ പ്രവർത്തിക്കുന്ന ഏറ്റവും വലിയ യുവജന സംഘടനയാണ് നെഹ്റു യുവ കേന്ദ്ര.