നീറ്റ് ക്രമക്കേട്: കോൺഗ്രസ് പ്രതിഷേധത്തിൽ ഡൽഹിയിലും ലഖ്‌നൗവിലും സംഘർഷം; അന്വേഷണം ബിഹാറിന് പുറത്തേക്ക്

നീറ്റ് പരീക്ഷ ക്രമക്കേടുമായി ബന്ധപ്പെട്ട് ഡൽഹിയിൽ പ്രതിഷേധം സംഘടിപ്പിച്ച് കോണ്‍ഗ്രസ്. പ്രതിഷേധത്തിൽ ദില്ലിയിലും ലഖ്‌നൗവിലും സംഘർഷം. ഡൽഹിയിൽ പാര്‍ലമെന്‍റിലേക്ക് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചിൽ സംഘർഷമുണ്ടായി. പൊലീസും പ്രവർത്തകരും നേർക്കുനേർ ഏറ്റുമുട്ടുകയായിരുന്നു. നിരവധിപേർക്ക് പരിക്കേറ്റു. അതേസമയം സ്ഥലത്ത് സംഘർഷാവസ്ഥ തുടരുകയാണ്.

പാട്നയില്‍ ഉള്‍പ്പെടെ വിവിധയിടങ്ങളിലും കോണ്‍ഗ്രസിന്‍റെ നേതൃത്വത്തില്‍ പ്രതിഷേധ മാര്‍ച്ച് നടന്നു. പാര്‍ലമെന്‍റ് വളയൽ സമരത്തിൽ ഭാഗമായി പൊലീസും പ്രവര്‍ത്തകരും തമ്മിലാണ് ഡൽഹിയിൽ ഉന്തും തള്ളമുണ്ടായത്. കേന്ദ്ര സര്‍ക്കാരിനെതിരെ മുദ്രാവാക്യം മുഴക്കി പാര്‍ലമെന്‍റിലേക്ക് നടത്തിയ കോണ്‍ഗ്രസ് മാര്‍ച്ച് ഡൽഹി പൊലീസ് തടഞ്ഞതോടെയാണ് സംഘര്‍ഷം ഉടലെടുത്തത്. പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കാൻ ശ്രമിച്ചു. ഇതേ തുടർന്ന് ഉന്തും തള്ളമുണ്ടായി.

അതേസമയം നീറ്റ് പരീക്ഷ പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായ ബിഹാറിലെ നാല് വിദ്യാർഥികളുടെ പരീക്ഷകളുടെ സ്കോർകാർഡ് എൻഡിടിവി പുറത്തുവിട്ടിട്ടുണ്ട്. രണ്ടുപേരുടെ സ്കോർ കാർഡിൽ വൻ വ്യത്യാസങ്ങളാണ് രേഖപ്പെടുത്തിയിരിക്കുന്നത്. വിദ്യാർത്ഥികളെ ചോദ്യം ചെയ്ത് വരികയാണ്.

Read more