ഇന്ത്യാ വിഭജനത്തിൻ്റെ ഉത്തരവാദികൾ മുഹമ്മദ് അലി ജിന്ന, കോൺഗ്രസ്, മൗണ്ട് ബാറ്റൺ എന്നിവരാണെന്ന് എൻസിഇആർടി. സ്‌കൂൾ കുട്ടികൾക്കായി എൻസിഇആർടി തയ്യാറാക്കിയ വിഭജന ഭീകരതാ ഓർമ ദിനം എന്ന സ്പെഷ്യൽ മൊഡ്യൂളിലാണ് വിഭജനത്തിൻ്റെ കുറ്റവാളികളോടൊപ്പം കോൺഗ്രസിന്റെ പേരും ചേർത്തിരിക്കുന്നത്. വിഭജനം ആവശ്യപ്പെട്ട മുഹമ്മദ് അലി ജിന്ന, അംഗീകരിച്ച കോൺഗ്രസ്, നടപ്പാക്കിയ മൗണ്ട് ബാറ്റൺ എന്നിവരെയാണ് വിഭജനത്തിൻ്റെ കുറ്റവാളികളായി മൊഡ്യൂളിൽ വിശദീകരിച്ചിരിക്കുന്നത്.
ഇന്ത്യാ വിഭജനത്തിൻ്റെ കുറ്റവാളികൾ എന്ന അധ്യായത്തിലാണ് ഈ പരാമർശം ഉള്ളത്. 1947ൽ ജവാഹർലാൽ നെഹ്റു നടത്തിയ ഒരു പ്രസംഗത്തിന്റെ ഭാഗവും ഇതിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. വിഭജനം അംഗീകരിക്കുകയോ, അതല്ലെങ്കിൽ തുടർച്ചയായ സംഘർഷങ്ങളും കുഴപ്പങ്ങളും നേരിടുകയോ ചെയ്യേണ്ട ഒരു ഘട്ടത്തിൽ എത്തിയെന്ന് നെഹ്റു പറഞ്ഞതായാണ് അധ്യായത്തിൽ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. വിഭജനം മോശമാണ്. ഐക്യത്തിൻ്റെ വില എന്ത് തന്നെയായാലും, ആഭ്യന്തരയുദ്ധത്തിൻ്റെ വില അതിലും അനന്തമായിരിക്കുമെന്ന് നെഹ്റു പറഞ്ഞതായും അധ്യായത്തിൽ വിശദീകരിച്ചിട്ടുണ്ട്.
Read more
സ്പെഷ്യൽ മൊഡ്യൂളിൻ്റെ ആമുഖത്തിൽ വിഭജനത്തിൻ്റെ വേദന ഒരിക്കലും മറക്കാനാകില്ലെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാക്കുകൾ ചേർത്തിട്ടുണ്ട്. ഈ സ്പെഷ്യൽ മൊഡ്യൂൾ പാഠപുസ്‌തകത്തിൻ്റെ ഭാഗമല്ല. ആറാം ക്ലാസ് മുതൽ എട്ടാം ക്ളാസ് വരെയുള്ള വിദ്യാർഥികൾക്കായാണ് ഈ മൊഡ്യൂൾ തയ്യാറാക്കിയിരിക്കുന്നത്. ഒമ്പതാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാർഥികൾക്കായി മറ്റൊരു സ്പെഷ്യൽ മോഡ്യൂളും എൻസിഇആർടി തയ്യാറാക്കിയിട്ടുണ്ട്.







