ഇനി അശോക സ്തംഭമില്ല പകരം ധന്വന്തരി മൂർത്തി; ഇന്ത്യക്ക് പകരം ഭാരതം, ഹിന്ദുത്വ അജണ്ടയുമായി കേന്ദ്രം, നാഷണൽ മെഡിക്കൽ കമ്മീഷന്റെ പുതിയ ലോഗോ വിവാദമാകുന്നു

മതേതര രാജ്യമായ ഇന്ത്യയുടെ പേര് ഭാരതം എന്ന് മാറ്റുന്നതിനുള്ള കേന്ദ്ര സർക്കാർ നീക്കം ഏറെ നാളായി ചർച്ചകളിൽ നിറഞ്ഞു നിൽക്കുന്നു. അതിന്റെ ഭാഗമായി തന്റെ കേന്ദ്ര സ്ഥാപനങ്ങളുടേയും, സേവനങ്ങളുടേയും പേരിലും, ലോഗോയിലുമെല്ലാം ഹിന്ദുത്വ അജണ്ട നടപ്പാക്കുന്ന തരത്തിലുള്ള മാറ്റങ്ങളാണ് കേന്ദ്രം നടത്തിവരുന്നത്. ഇപ്പോഴിതാ നഷണൽ മെഡിക്കൽ കമ്മീഷന്റെ പുതിയ ലോഗോയാണ് വിവാദമാകുന്നത്.

അശോകസ്തംഭത്തിന് പകരം ധന്വന്തരമൂർത്തിയുടെ ചിത്രം വച്ചാണ് പുതിയ ലോഗോ ഇറങ്ങിയിരിക്കുന്നത്. ഹിന്ദുമത വിശ്വാസ പ്രകാരം ആയൂർവേദത്തിന്റെ ദൈവമായാണ് ധന്വന്തരി അറിയപ്പെടുന്നത്. ലോഗോയിൽ ഇന്ത്യക്ക് പകരം ഭാരത് എന്നാണ് കാണിച്ചിരിക്കുന്നത്. ബിജെപി- ആർഎസ്എസ് പ്രവർത്തകർ ലോഗോ പ്രചരിപ്പിച്ച്കൊണ്ട് സോഷ്യൽ മീഡിയയിൽ സജീവമാണ്. നിരവധിപ്പേർ ഇതിനെ വിമർശിച്ചുകൊണ്ടും രംഗത്തെത്തിയിട്ടുണ്ട്.

ഇന്ത്യയുടെ മതേതര മൂല്യങ്ങൾ ഇല്ലാതാക്കുന്ന നീക്കമാണ് കേന്ദ്രസർക്കാർ നടത്തുന്നതെന്നും, ഹിന്ദു ദൈവങ്ങളുടെ ചിത്രങ്ങൾ ഔദ്യോഗിക രേഖകളിൽ വരുത്തുന്നതിലൂടെ ഹിന്ദു രാഷ്ട്രം എന്ന അജണ്ട നടപ്പാക്കുകയാണെന്നും വിമർശനങ്ങൾ ഉയരുന്നുണ്ട്. ആരോഗ്യരംഗത്തെ പേരുമാറ്റൽ നിർദേശവുമായി ബന്ധപ്പെട്ട് നേരത്തെ കേരളവും കേന്ദ്രത്തിനെതിരെ രംഗത്തുവന്നിരുന്നു.

കേരളത്തിലെ കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ പേര് ഇനിമേൽ ആയുഷ്മാൻ ആരോഗ്യ മന്ദിർ എന്നാക്കി മാറ്റിയില്ലെങ്കിൽ കേന്ദ്രസഹായം നിഷേധിക്കുമെന്ന കേന്ദ്ര നിർദേശത്തിനെതിരെ കേരളത്തിലെ മുൻ ധനമന്ത്രി ഡോ ടി എം തോമസ് ഐസക് ഉൾപ്പെടെയുള്ളവർ പ്രതികരിച്ചിരുന്നു.