നാഷണല്‍ ഹെറാള്‍ഡ് കേസ്: സോണിയ ഗാന്ധിയുടെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി

നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് ദേശീയ അധ്യകഗ്ഷ സോണിയാ ഗാന്ധിയുടെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി. സോണിയ ഗാന്ധി ചോദ്യം ചെയ്യലിനോട് പൂര്‍ണമായി സഹകരിച്ചുവെന്നാണ് ഇഡി വൃത്തങ്ങളില്‍ നിന്ന് ലഭിക്കുന്ന സൂചന. ഇതുവരെ 11 മണിക്കൂറാണ് സോണിയാ ഗാന്ധിയെ ഇഡി സംഘം ചോദ്യം ചെയ്തത്.

ഇന്നലെ 7 മണിക്കൂറാണ് സോണിയ ഗാന്ധിയെ ചോദ്യം ചെയ്തത്. നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കൂടുതല്‍ വിവരങ്ങള്‍ സോണിയ ഗാന്ധിയില്‍ നിന്നും ചോദിച്ചറിയാന്‍ ഉണ്ടെന്നായിരുന്നു ഇ.ഡിയുടെ നിലപാട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇന്ന് വീണ്ടും ഹാജരാകാന്‍ നിര്‍ദേശിച്ചത്.

അസോസിയേറ്റഡ് ജേണല്‍സ് ലിമിറ്റഡ് എന്ന കമ്പനിയുടെ ഓഹരി ക്രയവിക്രയത്തിലൂടെ 2,000 കോടിയിലധികം രൂപയുടെ സ്വത്ത് ദുരുപയോഗം ചെയ്തു എന്നാണ് ഇഡി കേസ്. കേസില്‍ അഞ്ച് ദിവസങ്ങളിലായി 50 മണിക്കൂറിലേറെ ഇഡി രാഹുല്‍ ഗാന്ധിയെയും ചോദ്യം ചെയ്തിരുന്നു.

ഇഡിയുടെ വേട്ടയാടലിന് എതിരെയും വിലക്കയറ്റത്തിന് എതിരെയും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധത്തില്‍ സംഘര്‍ഷമുണ്ടായി. മാര്‍ച്ച് തടഞ്ഞ പൊലീസ് ബലംപ്രയോഗിച്ച് പ്രവര്‍ത്തകരെ നീക്കി. വിജയ്ചൗക്കില്‍ പ്രതിഷേധിച്ച എംപിമാരെയും കസ്റ്റഡിയിലെടുത്തു.