ആൾക്കൂട്ട-വർഗീയ കൊലപാതകങ്ങളെ കുറിച്ചുള്ള വിവരങ്ങൾ ഒഴിവാക്കി ദേശീയ ക്രൈം റെക്കോ‍ര്‍ഡ് ബ്യൂറോ; സ്ത്രീകൾക്ക് എതിരായ അതിക്രമങ്ങൾ ഉയരുന്നുവെന്ന് റിപ്പോർട്ട്

രണ്ടു വർഷത്തെ കാലതാമസത്തിനുശേഷം തിങ്കളാഴ്ച പുറത്തിറക്കിയ നാഷണൽ ക്രൈം റെക്കോർഡ് ബ്യൂറോയുടെ (എൻസിആർബി) ക്രൈം ഇൻ ഇന്ത്യ റിപ്പോർട്ട് 2017 പറയുന്നത് ഇന്ത്യയിൽ സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ തുടർച്ചയായ മൂന്നാം വർഷവും വർദ്ധിച്ചു കൊണ്ടിരിക്കുകയാണെന്നാണ്. സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ ഏറ്റവും കൂടുതൽ നടന്നത് ഉത്തർപ്രദേശിലാണ്.

അതേസമയം, ഖാപ് പഞ്ചായത്തുകൾ നടത്തുന്ന കൊലപാതകം, വർഗീയ കൊലപാതകം, സ്വാധീനമുള്ള ആളുകൾ നടത്തിയ കൊലപാതകം, ആൾക്കൂട്ട കൊലപാതകം തുടങ്ങിയ പുതുതായി ഉൾപ്പെടുത്തിയിട്ടുള്ള വിഭാഗങ്ങളുടെ വിവരങ്ങൾ എൻ‌സി‌ആർ‌ബി പ്രസിദ്ധീകരിച്ചിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ.

മുൻ എൻ‌സി‌ആർ‌ബി ഡയറക്ടർ ഇഷ് കുമാറിന്റെ കീഴിൽ മേൽപ്പറഞ്ഞ വിഭാഗങ്ങൾ ഉൾപ്പെടുത്താനായി വിപുലമായ ഡാറ്റാ നവീകരണ നടപടികൾ നടന്നിരുന്നതായി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു. 2015-16 കാലയളവിൽ ആൾക്കൂട്ട ആക്രമണ കേസുകൾ വർദ്ധിച്ചതിന് ശേഷമാണ് ആൾക്കൂട്ട ആക്രമണങ്ങളെ കുറിച്ചുള്ള ഡാറ്റ ഉൾപ്പെടുത്താനുള്ള പദ്ധതി സ്വീകരിച്ചതെന്നാണ് റിപ്പോർട്ട്.

“ഈ ഡാറ്റ പ്രസിദ്ധീകരിക്കാത്തത് ആശ്ചര്യകരമാണ്. ഈ ഡാറ്റ തയ്യാറായി പൂർണമായും ക്രോഡീകരിച്ച് വിശകലനം ചെയ്തു. ഇത് പ്രസിദ്ധീകരിക്കാത്തതിന്റെ കാരണം ഉന്നത ഉദ്യോഗസ്ഥർക്ക് മാത്രമേ അറിയൂ. ” ഒരു ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഇന്ത്യൻ എക്സ്പ്രസ്സ് റിപ്പോർട്ട് ചെയ്തു.