'ഇപ്പോഴത്തെ സാമ്പത്തികാവസ്ഥയിലെ ഏറ്റവും മികച്ച ബജറ്റാണിതെന്ന് ജനങ്ങള്‍ സമ്മതിച്ചു'-പ്രധാനമന്ത്രി

ഇത്തവണത്തെ ബജറ്റിന് ജനങ്ങളുടെ അംഗീകാരം കിട്ടിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഡല്‍ഹിയില്‍ നടന്ന ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ സംസാരിക്കവേയാണ് പ്രധാനമന്ത്രി ഇങ്ങനെ പറഞ്ഞത്.

ബജറ്റ് മോശമെന്ന് വ്യാജപ്രചരണങ്ങളുണ്ടായി. എന്നാല്‍ ബജറ്റ് നല്ലതാണെന്ന യാഥാര്‍ത്ഥ്യം ജനങ്ങള്‍ തിരിച്ചറിഞ്ഞു. ആദ്യഘട്ടത്തില്‍ ബജറ്റിനെ വിമര്‍ശിച്ചവര്‍ പോലും ഇപ്പോഴുള്ള സാമ്പത്തികാവസ്ഥയിലെ ഏറ്റവും മികച്ച ബജറ്റാണ് ധനമന്ത്രി അവതരിപ്പിച്ചതെന്ന് സമ്മതിച്ചെന്നും മോദി പറഞ്ഞു.

അസ്സമിലെ തീവ്രവാദ ഗ്രൂപ്പായ നാഷണല്‍ ഡെമോക്രാറ്റിക് ഫ്രണ്ട് ഓഫ് ബോഡോലാന്‍ഡുമായി സമാധാന കരാറില്‍ ഒപ്പു വെക്കാനായത് ബിജെപി സര്‍ക്കാരിന്റെ ചരിത്രപരമായ വിജയങ്ങളിലൊന്നാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.

ബിജെപി അധ്യക്ഷസ്ഥാനം ജെ.പി നഡ്ഡ ഏറ്റെടുത്തതിനു ശേഷമുള്ള ആദ്യത്തെ പാര്‍ലമെന്ററി പാര്‍ട്ടിയോഗമായിരുന്നു ഇന്നത്തേത്.