അയോദ്ധ്യയിൽ പള്ളിയ്ക്ക് ബാബറി മസ്ജിദ് എന്ന് പേരിടാൻ അനുവദിക്കരുത്, അബ്ദുൾ കലാമിന്റെ പേര് നൽകണം: പുതിയ വാദവുമായി വി.എച്ച്.പി

അയോദ്ധ്യയിൽ രാമക്ഷേത്രത്തിന്റെ ആസൂത്രണവും നിർമ്മാണവും തീരുമാനിക്കുന്ന ട്രസ്റ്റിലെ അംഗമായി ബിജെപി അദ്ധ്യക്ഷനും കേന്ദ്ര ആഭ്യന്തരമന്ത്രിയുമായ അമിത് ഷായെ വേണമെന്ന് വിശ്വഹിന്ദു പരിഷത്തിന്റെ (വിഎച്ച്പി) പ്രവർത്തകർ അറിയിച്ചു.

അയോദ്ധ്യയിലെ 5 ഏക്കർ ബദൽ സ്ഥലത്ത് നിർമ്മിക്കാൻ പോകുന്ന പുതിയ പള്ളിക്ക് ബാബറിന്റെ പേരിൽ ബാബറി മസ്ജിദ് എന്ന് പേരിടാൻ അനുവദിക്കരുതെന്ന് കേന്ദ്രത്തോട് അഭ്യർത്ഥിക്കുമെന്നും വിഎച്ച്പി വ്യക്തമാക്കി.

“ബാബർ വിദേശരാജ്യത്ത് നിന്നുള്ള ഒരു ആക്രമണകാരി ആയിരുന്നു. ആ പേര് ഇടാതിരിക്കാൻ ഞങ്ങൾ സർക്കാരിനെ സമീപിക്കും. ഇന്ത്യയിൽ ധാരാളം നല്ല മുസ്‌ലിംകളുണ്ട്. ഇന്ത്യയുടെ സമാധാനത്തിനും വികസനത്തിനും അവർ നൽകിയ സംഭാവനകൾ വളരെ വലുതാണ് … വീർ അബ്ദുൽ ഹമീദ്, അഷ്ഫാക്കുല്ല ഖാൻ, മുൻ പ്രസിഡന്റ് എ പി ജെ അബ്ദുൾ കലാം. ഇവരിലാരുടെയെങ്കിലും പേരാണ് പുതിയ പള്ളിക്ക്  നൽകേണ്ടത്, വിഎച്ച്പി വക്താവ് ശരദ് ശർമ പറഞ്ഞു.

അതേസമയം, പള്ളിക്ക് പേരിടുന്നത് പ്രധാനമല്ല, പള്ളിക്കുള്ള സ്ഥലം സ്വീകരിക്കണോ വേണ്ടയോ എന്ന കാര്യത്തിൽ ആദ്യം തീരുമാനമാവട്ടെ എന്നാണ് മുസ്ലിം കക്ഷികൾ പറയുന്നത്. ഒരു പള്ളി ഒരു ഭരണാധികാരിയെയോ അദ്ദേഹത്തിന്റെ പ്രശസ്തിയെയോ ആശ്രയിക്കുന്നില്ല, അയോദ്ധ്യ കേസിലെ പ്രധാന അപേക്ഷകരിലൊരാളായ ഇക്ബാൽ അൻസാരി പറഞ്ഞു.