16-ാം വയസ്സിൽ മുസ്‍ലിം പെൺകുട്ടികൾക്ക് വിവാഹം കഴിക്കാമെന്ന മുസ്‍ലിം വ്യക്തിനിയമത്തിലെ നിർദേശം ശരിവെച്ച് പഞ്ചാബ്, ഹരിയാന ഹൈക്കോടതി. 16 മുതൽ 21 വയസുവരെയുള്ള ദമ്പതികൾക്ക് അവരുടെ മാതാപിതാക്കളിൽ നിന്നും സംരക്ഷണം നൽകാനാണ് വിധിയെന്നും ഹൈക്കോടതി പ്രസ്താവിച്ചു. വീട്ടുകാരുടെ എതിർപ്പ് മറികടന്ന് വിവാഹിതരായ പത്താൻകോട്ടിൽനിന്നുള്ള മുസ്‍ലിം ദമ്പതികളുടെ ഹർജിയിലാണ് ജസ്റ്റിസ് ജസ്ജീത് സിങ് ബേദിയുടെ വിധി.
അടിയന്തര നിയമനടപടികൾ സ്വീകരിക്കുകയും ദമ്പതികൾക്ക് സംരക്ഷണം നൽകുകയും ചെയ്യാൻ കോടതി ഉത്തരവിട്ടു. മുസ്‍ലിം പെൺകുട്ടികൾക്ക് 16-ാം വയസ്സിൽ സ്വന്തം ഇഷ്ടപ്രകാരം വിവാഹം കഴിക്കാമെന്നും,ഇസ്‌ലാമിക ശരീഅത്ത് നിയമം അടിസ്ഥാനമാക്കിയാണ് മുസ്‍ലിം പെൺകുട്ടിയുടെ വിവാഹ പ്രായം നിശ്ചയിക്കുന്നതെന്നും കോടതി വ്യക്തമാക്കി.
മുഹമ്മദിയൻ നിയമ തത്വങ്ങളിലെ 195ാമത് അനുച്ഛേദം പ്രകാരം 16 വയസ്സ് കഴിഞ്ഞ പെൺകുട്ടിക്കും 21 വയസ്സ് കഴിഞ്ഞ ആൺക്കുട്ടിക്കും ഇസ്ലാമിക നിയമപ്രകാരം വിവാഹം കഴിക്കാനുള്ള പ്രായമാകും. അവർക്ക് തങ്ങളുടെ ജീവിത പങ്കാളിയെ തെരഞ്ഞെടുക്കാനുള്ള അവകാശമുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. തങ്ങളുടെ കുടുംബാംഗങ്ങളുടെ താൽപര്യത്തിനെതിരായാണ് വിവാഹം കഴിച്ചത് എന്നതുകൊണ്ടുമാത്രം ഭരണഘടന അനുശാസിക്കുന്ന അടിസ്ഥാനാവകാശങ്ങൾ അവർക്ക് നൽകാതിരിക്കാനാവില്ല.
Read more
ഹർജിക്കാരുടെ ആശങ്കകൾ പരിഗണിക്കപ്പെടേണ്ടതാണെന്നും. അവർക്കെതിരെ കണ്ണടക്കാനാവില്ലെന്നും കോടതി പറഞ്ഞു. 2022 ജനുവരി എട്ടിനാണ് പത്താൻകോട്ടിൽനിന്നുള്ള ദമ്പതികൾ ഇസ്‍ലാമിക ആചാര പ്രകാരം വിവാഹിതരായത്. ഇരുവരുടെയും കുടുംബാംഗങ്ങൾ വിവാഹത്തിന് എതിരായിരുന്നു. നിയമപരമല്ലാത്ത വിവാഹമാണെന്ന് കുറ്റപ്പെടുത്തി ഇരുകുടുംബങ്ങളും ഭീഷണിപ്പെടുത്തുകയാണെന്ന് ചൂണ്ടിക്കാട്ടിയാണ് ദമ്പതികൾ കോടതിയെ സമീപിച്ചത്.







