'റിലയന്‍സ് ആശുപത്രി കെട്ടിടം സ്ഫോടനത്തില്‍ തകര്‍ക്കും'; അംബാനി കുടുംബത്തിന് വധഭീഷണി

റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ചെയര്‍മാനും പ്രമുഖ വ്യവസായിയുമായ മുകേഷ് അംബാനിയുടെ കുടുംബത്തിന് വീണ്ടും വധഭീഷണി. മുംബൈയിലെ റിലയന്‍സ് ആശുപത്രിയിലാണ് അജ്ഞാതന്റെ ഭീഷണി സന്ദേശം എത്തിയത്. മുംബൈയിലെ റിലയന്‍സ് ആശുപത്രി കെട്ടിടം സ്ഫോടനത്തില്‍ തകര്‍ക്കുമെന്ന് ഭീഷണിസന്ദേശത്തിലുണ്ടായിരുന്നു.

ബുധനാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെയാണ് മുംബൈയിലെ റിലയന്‍സ് ഫൗണ്ടേഷന്‍ ആശുപത്രിയിലെ ലാന്‍ഡ്ലൈന്‍ നമ്പറില്‍ ഭീഷണി ഫോണ്‍കോള്‍ എത്തിയതെന്ന് മുംബൈ പൊലീസ് പറഞ്ഞു.

സംഭവത്തില്‍ മുംബൈ ഡി.ബി. മാര്‍ഗ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഉടന്‍തന്നെ ഭീഷണിസന്ദേശത്തിന്റെ ഉറവിടം കണ്ടെത്താനാകുമെന്നാണ് പോലീസ് വൃത്തങ്ങള്‍ നല്‍കുന്നവിവരം.

ആഗസ്റ്റിലും ഇത്തരത്തില്‍ അംബാനി കുടുംബത്തിന് നേരെ വധഭീഷണി സന്ദേശം വന്നിരുന്നു.ഓഗസ്റ്റ് 15-ാം തീയതിയാണ് വധഭീഷണി മുഴക്കിയുള്ള എട്ട് ഫോണ്‍കോളുകള്‍ വന്നത്. തുടര്‍ന്ന് ഫോണ്‍ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്തിയിരുന്നു.