മതന്യൂനപക്ഷങ്ങളെ സംരക്ഷിക്കുന്നതിൽ മുഹമ്മദ് യൂനുസ് സർക്കാർ പരാജയമെന്ന് ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന. മുഹമ്മദ് യൂനുസ് വിദേശനയം നിയന്ത്രിക്കാൻ ഭീകരവാദികളെ അനുവദിക്കുന്നുവെന്നും ഷെയ്ഖ് ഹസീന പറഞ്ഞു. ഇന്ത്യയുടെ ആശങ്കകൾ ന്യായമെന്ന് പറഞ്ഞ ഷെയ്ഖ് ഹസീന ഇന്ത്യയും ബംഗ്ലാദേശും തമ്മിൽ ഉള്ളത് അടിസ്ഥാനപരമായ ബന്ധമാണുള്ളതെന്നും പറഞ്ഞു.
ബംഗ്ലാദേശിലെ അക്രമങ്ങളുടെയും പ്രതിഷേധങ്ങളുടെയും പശ്ചാത്തലത്തിലാണ് മുൻ പ്രധാനമന്ത്രിയുടെ പ്രതികരണം. സംഘർഷങ്ങൾ ഉയരുമ്പോൾ ആശ്ചര്യം പ്രകടിപ്പിക്കുന്നുവെന്നും ഇന്ത്യയുടെ വടക്ക് കിഴക്കൻ സംസ്ഥാനങ്ങൾക്കെതിരായ പ്രസ്താവന നിരുത്തരവാദിത്തപരമെന്നും ഷെയ്ഖ് ഹസീന പറഞ്ഞു. ഷെരീഫ് ഒസ്മാൻ ഖാദിയുടെ കൊലപാതകത്തിലൂടെ തന്റെ സർക്കാരിനെ അട്ടിമറിച്ച നിയമവാഴ്ച ഇല്ലായ്മയാണ് പ്രതിഫലിക്കുന്നത് എന്നും ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രിയുടെ വിമർശനം.
ബംഗ്ലാദേശിൽ ദീപു ചന്ദ്രദാസിന്റെ കൊലപാതകത്തിൽ ഇന്ത്യയുടെ പ്രസ്താവന ബംഗ്ലാദേശ് തള്ളിയിരുന്നു. ബംഗ്ലാദേശ് ഹൈക്കമ്മീഷൻ മുന്നിൽ ഉണ്ടായ പ്രതിഷേധം സമാധാനപരമായിരുന്നുവെന്ന ഇന്ത്യയുടെ പ്രസ്താവനയിലൂടെ വിഷയത്തെ ഇന്ത്യ ലളിതമായി അവതരിപ്പിക്കുകയാണെന്ന് ബംഗ്ലാദേശ് കുറ്റപ്പെടുത്തി. ബംഗ്ലാദേശിലെ സ്ഥിതിഗതികൾ ഇന്ത്യ നിരീക്ഷിക്കുന്നുണ്ട്. ബംഗ്ലാദേശിലെ ഇങ്ക്വിലാബ് മഞ്ച് പാർട്ടി നേതാവ് ഷെരീഫ് ഒസ്മാൻ ഹാദിയുടെ കൊലയാളികൾ ഇന്ത്യയിലെത്തിയതിന് തെളിവില്ലെന്ന് ബംഗ്ലാദേശ് പൊലീസ് വ്യക്തമാക്കി.







