രാജ്യത്ത് അഴിമതിയും കൈക്കൂലിയും കുറഞ്ഞ സംസ്ഥാനം കേരളം; ഒന്നാമത് രാജസ്ഥാന്‍

ഇന്ത്യയില്‍ അഴിമതിയില്‍ മുന്നിട്ടു നില്‍ക്കുന്ന സംസ്ഥാനങ്ങള്‍ രാജസ്ഥാനും ബിഹാറുമാണെന്ന് സര്‍വേ റിപ്പോര്‍ട്ട്. കേരളം, ഒഡീഷ, ഡല്‍ഹി, ഹരിയാണ, ഗുജറാത്ത്, പശ്ചിമബംഗാള്‍, ഗോവ സംസ്ഥാനങ്ങളില്‍ അഴിമതി കുറവാണെന്നും സര്‍വേ പറയുന്നു. ട്രാന്‍സ്പരന്‍സി ഇന്റര്‍നാഷണല്‍ ഓഫ് ഇന്ത്യയും ലോക്കല്‍ സര്‍ക്കിള്‍സും ചേര്‍ന്ന് നടത്തിയ സര്‍വേയിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്.

സര്‍വേയില്‍ പങ്കെടുത്ത രാജസ്ഥാനിലെ 78 ശതമാനം ആളുകളും തങ്ങളുടെ കാര്യങ്ങള്‍ സാധിക്കാന്‍ കഴിഞ്ഞ വര്‍ഷം കൈക്കൂലി നല്‍കിയതായി സമ്മതിച്ചു. ഇതില്‍ 22 ശതമാനം പേര്‍ പലതവണ കൈക്കൂലി നല്‍കി (നേരിട്ടോ അല്ലാതെയോ), 56 ശതമാനം പേര്‍ ഒന്നോ രണ്ടോ തവണ കൈക്കൂലി നല്‍കി. 22 ശതമാനം പേര്‍ക്ക് കൈക്കൂലി നല്‍കേണ്ട ആവശ്യമില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

രണ്ടാം സ്ഥാനത്തുള്ളത് ബിഹാറാണ്. ബിഹാറിലെ 75 ശതമാനം ആളുകളാണ് കാര്യ സാധ്യത്തിനായി പോയ വര്‍ഷം കൈക്കൂലി നല്‍കിയത്. തൊട്ടു പിന്നാലെ ഉത്തര്‍പ്രദേശാണ്. 74 ശതമാനം ആളുകളാണ് ഉത്തര്‍പ്രദേശില്‍ കൈക്കൂലി നല്‍കിയതായി സമ്മതിച്ചത്. ജാര്‍ഖണ്ഡും ഉത്തര്‍പ്രദേശിന് സമാനമായ സ്ഥിതിയാണ് 74 ശതമാനം തന്നെയാണ് ഇവിടെയും കൈക്കൂലി നല്‍കിയവരുടെ എണ്ണം.

തെലങ്കാന,തമിഴ്നാട്, കര്‍ണാടക, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളിലും കൈക്കൂലി വാങ്ങുകയും നല്‍കുകയും ചെയ്യുന്നവരുടെ എണ്ണം കൂടുതലാണ്. അതേ സമയം കേരളത്തില്‍ 10 ശതമാനം ആളുകള്‍ മാത്രമാണ് കൈക്കൂലി നല്‍കുന്നുള്ളൂവെന്നാണ് സര്‍വേ പറയുന്നത്. ഏറ്റവും കുറവ് അഴിമതിയുള്ള സംസ്ഥാനമാണ് കേരളം. തെലങ്കാനയിലാണ് ദക്ഷിണേന്ത്യയില്‍ ഏറ്റവും കൂടുതല്‍ അഴിമതിയുള്ളത്.

ഡല്‍ഹി, ഹരിയാണ, ഗുജറാത്ത്, പശ്ചിമബംഗാള്‍, ഗോവ തുടങ്ങിയ സംസ്ഥാനങ്ങളും താരതമ്യേന അഴിമതി കുറഞ്ഞ സംസ്ഥാനങ്ങളാണ്. കേരളത്തില്‍ കൈക്കൂലി ഏറ്റവും കൂടുല്‍ രജിസ്ട്രേഷന്‍ മേഖലയിലാണെന്നാണ് സര്‍വേ പറയുന്നത്. 29 ശതമാനം കൈക്കൂലിയും സ്വത്ത് രജിസ്ട്രേഷന്‍ മേഖലിയിലാണ്. 14 ശതമാനം കൈക്കൂലി ഭൂമി തര്‍ക്കങ്ങളില്‍ തദ്ദേശ സ്ഥാപനങ്ങളിലാണ് നല്‍കുന്നത്. 14 ശതമാനം കൈക്കൂലി പോലീസുകാര്‍ക്ക് കിട്ടുന്നുണ്ട്. ഇലക്ട്രിസിറ്റി, ടാക്സ്, ഗതാഗതം തുടങ്ങിയ മറ്റു വകുപ്പുകളിലാണ് 43 ശതമാനം കൈക്കൂലി.

മിക്ക സംസ്ഥാനങ്ങളിലും കൈക്കൂലി ഏറ്റവും കൂടുതലുള്ള രജിസ്ട്രേഷന്‍ വകുപ്പുകളിലാണെങ്കിലും ഉത്തര്‍പ്രദേശ്,ഗുജറാത്ത്, ഹരിയാണ, ഡല്‍ഹി തുടങ്ങിയ സംസ്ഥാനങ്ങളില്‍ പോലീസിലാണ് ഏറ്റും കൂടുതല്‍ കൈക്കൂലി നല്‍കുന്നത്.

രാജ്യത്തെ മൊത്തം കണക്കെടുക്കുമ്പോള്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് കൈക്കൂലിയുടെ കാര്യത്തില്‍ കുറവ് വന്നിട്ടുണ്ട്. 51 % ഇന്ത്യക്കാരാണ് അവസാന വര്‍ഷം കൈക്കൂലി നല്‍കിയത്. തൊട്ടു മുമ്പത്തെ വര്‍ഷം ഇത് 56 ശതമാനമായിരുന്നു. അതേ സമയം 2017-ലെ കണക്ക് വെച്ച് നോക്കുമ്പോള്‍ കൈക്കൂലിയിലും അഴിമതിയിലും വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. കൈക്കൂലി വാങ്ങുന്നതിന് സിസിടിവി നേരിയ തടസ്സം മാത്രമേ സൃഷ്ടിക്കുന്നുള്ളൂവെന്നും ഏജന്റുമാര്‍ വ്യാപകമാണെന്നും സര്‍വേ പറയുന്നു.