തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ കൂടുതല്‍ ഇളവുകള്‍ക്ക് സാധ്യത,റാലികള്‍ക്ക് അനുമതി ഉണ്ടായേക്കും, തീരുമാനം ഇന്ന്

അഞ്ച് സംസ്ഥാനങ്ങളിലെയും തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിക്കാന്‍ സാധ്യത. തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലെ കോവിഡ് സാഹചര്യവും, വാക്‌സിനേഷന്‍ നിരക്കും കണക്കിലെടുത്താണ് ഇളവുകള്‍ നല്‍കുന്നതിനെ കുറിച്ച് ആലോചിക്കുന്നത്. ഫെബ്രുവരി 10 ന് പോളിംഗ് ആരംഭിക്കുന്നതിന് മുന്നോടിയായി റാലികള്‍ക്ക് അടക്കം അനുമതി നല്‍കിയേക്കുമെന്നാണ് സൂചന. ഇത് സംബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം ഇന്ന് അറിയിക്കും.

നിലവില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന 1,000 പേരുടെ പരിധി എന്നത് ഒഴിവാക്കി റാലി നടത്തുന്ന ഗ്രൗണ്ടിന്റെ ശേഷിയുടെ ഒരു നിശ്ചിത ശതമാനം വരെ ആളുകളെ അനുവദിക്കാനാണ് സാധ്യത. 30% മുതല്‍ 50% വരെ എന്ന് കണക്കാക്കിയായിരിക്കും നിശ്ചയിക്കുക എന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

തിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലെ കോവിഡ് സാഹചര്യവും കൂടുതല്‍ ഇളവുകള്‍ക്കുള്ള സാധ്യതയും പഠിച്ച് പ്രത്യേക സംഘം റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കേന്ദ്ര ആരോഗ്യ സെക്രട്ടറിയുമായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇന്നലെ ചര്‍ച്ച നടത്തിയിരുന്നു.

സംസ്ഥാനങ്ങളിലെ കോവിഡ് കേസുകളിലും, ആശുപത്രിയില്‍ പ്രേേവശിപ്പിക്കുന്നവരുടെ എണ്ണത്തിലും കുറവ് രേഖപ്പെടുത്തിയട്ടുണ്ട്. വാക്‌സിനേഷന്‍ നിരക്കിലെ പുരോഗതി കൂടി കണക്കിലെടുക്കുമ്പോള്‍ ഇളവുകള്‍ അനുവദിക്കാമെന്നാണ് കമ്മീഷന്റെ നിഗമനം. സംസ്ഥാനങ്ങളില്‍ ദുരന്ത നിവാരണ അതോറിറ്റി അധികാരികള്‍ തന്നെ നിയന്ത്രണങ്ങള്‍ ലഘൂകരിച്ചട്ടുണ്ട്. സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ടര്‍മാരുമായി ഇടപെടാന്‍ നേരിട്ടുള്ള പ്രചാരണത്തിന് അനുവദിക്കണമെന്ന ആവശ്യവും ശക്തമായിരുന്നു.