ക്യാമറയുടെ ദൈവത്തെ വാഴ്ത്തുക; മോദിയുടെ ഫോട്ടോസെഷന്‍ തുടരുന്നു, കേദാര്‍നാഥ് ക്ഷേത്രത്തിലേക്കുള്ള റെഡ് കാര്‍പ്പറ്റ് പ്രവേശത്തെ പരിഹസിച്ച് പ്രതിപക്ഷ നേതാക്കള്‍

ഉത്തരാഖണ്ഡ് ഗുഹയില്‍ ധ്യാനത്തിലിരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രത്തെ വിമര്‍ശിച്ചും പരിഹസിച്ചും പ്രതിപക്ഷ കക്ഷികളുള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ കേദാര്‍നാഥ് ക്ഷേത്രത്തിലേക്ക് ചുവപ്പുപരവതാനിയിലൂടെ കയറുന്ന മോദിയുടെ ചിത്രം പുറത്തുവന്നിരിക്കുകയാണ്. ചിത്രത്തിന് വലിയ വിമര്‍ശനമാണ് നേരിടേണ്ടി വരുന്നത്. സോഷ്യല്‍ മീഡിയയില്‍ മോദിയുടെ ചിത്രങ്ങളുടെ ട്രോളുകള്‍ നിറയുകയാണ്. ക്ഷേത്രങ്ങള്‍ പോലെയുള്ള പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കുമ്പോള്‍ പോലും മോദി അഹങ്കാരം വെടിയുന്നില്ലെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല വിമര്‍ശിച്ചു.

യഥാര്‍ഥ ഭക്തര്‍ ദൈവത്തിന്റെ അടുത്തേക്കു പോകുന്നതിനു മുന്‍പ് അവരുടെ അഹങ്കാരവും ധാര്‍ഷ്ട്യവുമൊക്കെ ത്യജിക്കാറാണു പതിവ്. മറിച്ച് ചുവപ്പ് പരവതാനിയില്‍ നടന്നതിനുശേഷമല്ല അതു ചെയ്യുക. മോദിജീ നിങ്ങള്‍ക്കു മനസ്സിലായെന്നു വിശ്വസിക്കുന്നു.”- എന്നായിരുന്നു കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാലയുടെ ട്വീറ്റ്.

“ക്യാമറയുടെ ദൈവത്തെ വാഴ്ത്തുക” എന്നായിരുന്നു ആംആദ്മി പാര്‍ട്ടി നേതാവ് സഞ്ജയ് സിങ് ട്വീറ്റ് ചെയ്തത്.

മോദിയുടേത് പെരുമാറ്റച്ചട്ട ലംഘനമാണെന്ന് സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ആരോപിച്ചു. “മതം ഒരാളുടെ വ്യക്തിപരമായ വിശ്വാസത്തിന്റെ ഭാഗമാണ്. വോട്ട് നേടാനുള്ള മാര്‍ഗമായി അതുപയോഗിക്കരുതെന്നു തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആവര്‍ത്തിച്ചിട്ടുള്ളതാണ്. പക്ഷേ കേദാര്‍നാഥില്‍ ചെയ്ത പ്രവൃത്തിയിലൂടെ മോദി അതു ലംഘിച്ചിരിക്കുകയാണ്. അതും നിശബ്ദ പ്രചാരണത്തിന്റെ സമയം. അതേസമയം തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉറക്കം തുടരുകയാണ്.”- യെച്ചൂരി ട്വീറ്റ് ചെയ്തു.

ലോക്‌സഭാ തെരഞ്ഞെടുപ്പ് അവസാനിക്കാന്‍ ഒരുദിവസം ബാക്കിനില്‍ക്കേയാണ് മോദി കേദാര്‍നാഥിലെത്തി അവിടെനിന്നുള്ള ഫോട്ടോകള്‍ പുറത്തുവിട്ടത്.