അമരാവതിയില്‍ വീണ്ടും നരേന്ദ്ര മോദിയെത്തുന്നു; തലസ്ഥാന നഗരിയില്‍ 49,040 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തറക്കല്ലിടാന്‍

ആന്ധ്രപ്രദേശിന്റെ തലസ്ഥാനമായ അമരാവതിയില്‍ 49,040 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ തറക്കല്ലിടും. തലസ്ഥാന നഗരിയില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഇതോടെ പുനരാരംഭിക്കും. 2015 ഒക്ടോബറില്‍ തലസ്ഥാന നഗരത്തിന്റെ നിര്‍മ്മാണത്തിന് പ്രധാനമന്ത്രി തറക്കല്ലിട്ടിരുന്നു.

ഉച്ചയ്ക്ക് 2:55 ന് ഗണ്ണവാരം വിമാനത്താവളത്തില്‍ എത്തുന്ന പ്രധാനമന്ത്രിയെ മന്ത്രിമാരും ടിഡിപി-എന്‍ഡിഎ സഖ്യ നേതാക്കളും ചേര്‍ന്ന് സ്വീകരിക്കും. അവിടെ നിന്ന് അദ്ദേഹം ഹെലികോപ്റ്ററില്‍ വേലഗപുടിയിലേക്ക് പോകും. തുടര്‍ന്ന് പ്രധാനമന്ത്രി പൊതുയോഗത്തെ അഭിസംബോധന ചെയ്യും. ഉപമുഖ്യമന്ത്രി കെ പവന്‍ കല്യാണും മോദിയെ സ്വാഗതം ചെയ്യാനെത്തും.

തന്റെ അമരാവതി സ്വപ്നം യാഥാര്‍ത്ഥ്യമാക്കുന്നതിനായി കേന്ദ്രവും സംസ്ഥാനവും അടുത്ത സഹകരണം നടത്തുന്നുണ്ടെന്ന് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു പറഞ്ഞു. സാമ്പത്തിക പ്രതിസന്ധികള്‍ക്കിടയിലും ടിഡിപി നേതൃത്വത്തിലുള്ള എന്‍ഡിഎ അധികാരത്തിലെത്തിയ 10 മാസത്തിനുള്ളില്‍ നിരവധി ക്ഷേമ-വികസന പരിപാടികള്‍ ഏറ്റെടുത്തിട്ടുണ്ട്.

Read more

അമരാവതിയില്‍ നിന്ന് ലഭിക്കുന്ന വരുമാനം കൂടുതല്‍ വികസന പ്രവര്‍ത്തനങ്ങളും ക്ഷേമ പരിപാടികളും മുന്നോട്ട് കൊണ്ടുപോകാന്‍ ഉപയോഗിക്കും. തലസ്ഥാന നഗരത്തിനായി ഭൂമി വിജയകരമായി സമാഹരിച്ചിട്ടുണ്ടെന്നും സംസ്ഥാനത്തിന്റെ ഭാവി കണക്കിലെടുത്ത് കര്‍ഷകര്‍ അവരുടെ ഭൂമി നല്‍കിയിട്ടുണ്ടെന്നും നായിഡു പറഞ്ഞു.