തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളില്‍ വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ നിന്ന് മോദിയുടെ ചിത്രം ഒഴിവാക്കും

തിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളില്‍ നല്‍കുന്ന കോവിഡ് വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റുകളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫോട്ടോ ഉണ്ടായിരിക്കില്ലെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. വാക്സിന്‍ സര്‍ട്ടിഫിക്കറ്റില്‍ നിന്ന് മോദിയുടെ ചിത്രം ഒഴിവാക്കുന്നതിന് കേന്ദ്ര ആരോഗ്യ മന്ത്രാലയം കോവിന്‍ വെബ്സൈറ്റില്‍ ആവശ്യമായ ക്രമീകരണങ്ങള്‍ വരുത്തും. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്ന സാഹചര്യത്തിലാണ് നടപടി.

ഉത്തര്‍പ്രദേശ്, പഞ്ചാബ്, ഉത്തരാഖണ്ഡ്, മണിപ്പൂര്‍, ഗോവ എന്നീ അഞ്ച് സംസ്ഥാനങ്ങളിലാണ് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്. ഫെബ്രുവരി 10 നും മാര്‍ച്ച് 7നും ഇടയില്‍ ഏഴ് ഘട്ടങ്ങളിലായാണ് തിരഞ്ഞെടുപ്പ്. ഇന്നലെ തിരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചതോടെ പെരുമാറ്റച്ചട്ടം നിലവില്‍ വന്നു. ഈ സാഹചര്യത്തിലാണ് വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റില്‍ നിന്നും പ്രധാനമന്ത്രിയുടെ ഫോട്ടോ നീക്കുന്നത്.

ഫെബ്രുവരി പത്തുമുതല്‍ ഏഴു ഘട്ടങ്ങളായാണ് യുപിയില്‍ വോട്ടെടുപ്പ് നടക്കുക. പഞ്ചാബിലും ഉത്തരാഖണ്ഡിലും ഗോവയിലും ഫെബ്രുവരി പതിനാലിന് ഒറ്റ ഘട്ടമായി വോട്ടെടുപ്പ് പൂര്‍ത്തിയാക്കും. മണിപ്പൂരിലെ വോട്ടെടുപ്പ് ഫെബ്രുവരി 27, മാര്‍ച്ച് മൂന്ന് തിയതികളില്‍ രണ്ടു ഘട്ടമായി നടത്തും. മാര്‍ച്ച് പത്തിനാണ് വോട്ടെണ്ണല്‍.

ചില രാഷ്ട്രീയ പാര്‍ട്ടികള്‍ ഉന്നയിച്ച പരാതികളെ തുടര്‍ന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശിച്ച പ്രകാരം 2021 മാര്‍ച്ചില്‍, അസം, കേരളം, തമിഴ്നാട്, പശ്ചിമ ബംഗാള്‍, പുതുച്ചേരി എന്നിവിടങ്ങളില്‍ നടന്ന തിരഞ്ഞെടുപ്പുകളില്‍ ആരോഗ്യ മന്ത്രാലയം സമാനമായ മുന്‍കൈ എടുത്തിരുന്നു.