വീണ്ടും ഡി.എം.കെ അദ്ധ്യക്ഷനായി എം.കെ സ്റ്റാലിന്‍; കനിമൊഴി ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി

തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലില്‍ വീണ്ടും ഡിഎംകെ അദ്ധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടു. ഞായറാഴ്ച ചെന്നൈയില്‍ നടന്ന പാര്‍ട്ടി ജനറല്‍ കൗണ്‍സില്‍ യോഗത്തിലായിരുന്നു തിരഞ്ഞെടുപ്പ് . എതിരില്ലാതെ ഇത് രണ്ടാം തവണയാണ് സ്റ്റാലിന്‍ പാര്‍ട്ടി അദ്ധ്യക്ഷനാവുന്നത്.

സുബ്ബുലക്ഷ്മി ജഗദീശന് പകരം ഡിഎംകെ എംപി കനിമൊഴി കരുണാനിധിയെ പാര്‍ട്ടി ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറിയായി നിയമിച്ചു. പെരിയസാമി, അന്തിയൂര്‍ സെല്‍വരാജ്, കെ പൊന്‍മുടി, എ രാജ എന്നിവരാണ് നിലവിലെ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറിമാര്‍.

മുതിര്‍ന്ന നേതാക്കളായ ദുരൈമുരുകന്‍, ടി ആര്‍ ബാലു എന്നിവരെ ജനറല്‍ സെക്രട്ടറിയും ഖജാന്‍ജിയുമായി എതിരില്ലാതെ തെരഞ്ഞെടുത്തു. രണ്ടാം തവണയാണ് ഇരു നേതാക്കളും ഈ സ്ഥാനത്ത് എത്തുന്നത്.
15ാമത് സംഘടനാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി സംസ്ഥാനത്തുടനീളം വിവിധ തലങ്ങളില്‍ പാര്‍ട്ടി സ്ഥാനങ്ങളിലേക്ക് പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി, ഖജാന്‍ജി എന്നിവരെയും തിരഞ്ഞെടുത്തു.

എം കരുണാനിധിയുടെ ഇളയ മകനായ എം കെ സ്റ്റാലിന്‍ ഡിഎംകെ ഖജാന്‍ജി, യൂത്ത് വിംഗ് സെക്രട്ടറി തുടങ്ങിയ നിരവധി പാര്‍ട്ടി സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്.