മഹാരാഷ്ട്രയിലെ അവിശുദ്ധ സഖ്യം തകരും, കോൺഗ്രസുമായി സഹകരിക്കുന്നതിലും നല്ലത് ശിവസേന പിരിച്ചുവിടുന്നത്; പിയൂഷ് ഗോയൽ

മഹാരാഷ്ട്രയിൽ അവിശുദ്ധ സഖ്യം തകരാൻ പോവുകയാണെന്ന് കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ. മഹാരാഷ്ട്രയിലെ ശിവസേന-എൻസിപി-കോൺഗ്രസ് അവിശുദ്ധ സഖ്യം തകരുമെന്നും, കോൺഗ്രസുമായി സഹകരിക്കുന്നതിലും നല്ലത് ശിവസേന പിരിച്ചുവിടുന്നതാണ് നല്ലതെന്നും അദ്ദേഹം പറഞ്ഞു. ഇത്രയും പ്രത്യയശാസ്ത്ര പാപ്പരത്തമുള്ളൊരു സഖ്യം സംസ്ഥാനത്തിന്റെ ചരിത്രത്തിൽ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘അവിശുദ്ധ സഖ്യം തകരാൻ പോവുകയാണ്. ശിവസേന സ്ഥാപകൻ ബാൽ താക്കറെയുടെ ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. കോൺഗ്രസുമായി സഹകരിക്കുന്നതിലും നല്ലത് ശിവസേന പിരിച്ചുവിടുന്നതാണെന്നാണ് അദ്ദേഹം അതിൽ പറയുന്നത്. ഇതുപോലെ പ്രത്യയശാസ്ത്ര പാപ്പരത്തമുള്ള ഒരു സഖ്യം മഹാരാഷ്ട്രയിൽ കണ്ടിട്ടില്ലന്നും’പിയൂഷ് ഗോയൽ പറഞ്ഞു.

അതേസമയം ഭരണപ്രതിസന്ധി നേരിടുന്ന മഹാരാഷ്ട്രയിൽ മഹാവികാസ് അഘാഡി സര്‍ക്കാര്‍ താഴെ വീഴാനുള്ള എല്ലാ സാധ്യതകളുമടുത്തിരിക്കുന്നു. 41 വിമത എംഎല്‍എമാര്‍ തങ്ങള്‍ക്കൊപ്പമുണ്ടെന്നാണ് വിമത നേതാവ് ഏക്‌നാഥ് ഷിന്‍ഡെ അവകാശപ്പെടുന്നത്. എന്നാല്‍ വിമത എംഎല്‍എമാരില്‍ 20 പേര്‍ തങ്ങളുടെ പാളയത്തില്‍ തിരിച്ചെത്തുമെന്ന് ശിവസേന എംപി സഞ്ജയ് റാവത്തും പറയുന്നു.

വിശ്വാസവോട്ടെടുപ്പിന് തയ്യാറാവാൻ ശിവസേന വക്താവ് സഞ്ജയ് റാവത്ത് വിമതരെ വെല്ലുവിളിച്ചു. എൻസിപി അധ്യക്ഷൻ ശരദ് പവാറുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് സഞ്ജയ് റാവത്ത് വിശ്വാസവോട്ടെടുപ്പിന് തയ്യാറാണെന്ന് വ്യക്തമാക്കിയത്.