ഗോവ വിമാനത്താവളത്തില്‍ മിഗ് 29 വിമാനം തീപിടിച്ചു തകര്‍ന്നു വീണു

ഗോവ വിമാനത്താവളത്തില്‍ നാവികസേനയുടെ മിഗ് 29 കെ വിമാനം പരിശീലന പറക്കലിനിടെ തീപിടിച്ച് തകര്‍ന്നു. വിമാനത്തിലുണ്ടായിരുന്ന ട്രെയിനി പൈലറ്റ് അത്ഭുതകരമായി രക്ഷപ്പെട്ടു. ഗോവന്‍ വിമാനത്താവളം സ്ഥിതി ചെയ്യുന്ന ഐഎന്‍എസ് ഹന്‍സ നാവിക താവളത്തില്‍ ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു അപകടം. അപകടത്തെത്തുടര്‍ന്ന് ഗോവന്‍ വിമാനത്താവളം ഒരു മണിക്കൂറുകളോളം അടച്ചിട്ടു.

വിമാനത്താവളത്തില്‍നിന്നും പറന്നുയരാന്‍ ശ്രമിക്കുന്നതിനിടെയാണ് വിമാനത്തിന് തീപിടിച്ചത്. കത്തിയമര്‍ന്ന വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ നീക്കം ചെയ്തു. അപകടകാരണം എന്തെന്ന് വ്യക്തമല്ല.

യുദ്ധക്കപ്പലായ ഐ.എന്‍.എസ് വിക്രമാദിത്യയിലെ യുദ്ധവിമാനമാണ് കത്തിനശിച്ചതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. ഗോവ വിമാനത്താവളത്തില്‍നിന്നുള്ള വിമാന സര്‍വീസുകള്‍ അപകടത്തെ തുടര്‍ന്ന് വൈകാനിടയുണ്ടെന്ന് വിമാനത്താവള അധികൃതര്‍ ട്വിറ്ററിലൂടെ അറിയിച്ചു.