കോണ്‍ഗ്രസ് പ്രവേശന ചര്‍ച്ചകള്‍ക്കിടയില്‍ കെ.സി.ആറുമായി കൂടിക്കാഴ്ച; പ്രശാന്ത് കിഷോറിന്റെ നീക്കങ്ങള്‍ ശ്രദ്ധിച്ച് രാഷ്ട്രീയലോകം

തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍ കോണ്‍ഗ്രസിന്റെ ഭാഗമാകും എന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് അദ്ദേഹത്തിന്റെ ഓരോ നീക്കത്തെയും സസൂക്ഷ്മം വീക്ഷിക്കുകയാണ് രാഷ്ട്രീയലോകം. തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖര റാവുവുമായി (കെസിആര്‍) ഹൈദരാബാദില്‍ നടന്ന കൂടിക്കാഴ്ചയാണ് ഇപ്പോള്‍ എല്ലാവരും ഉറ്റുനോക്കുന്നത്.

കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തുന്നതിന് വേണ്ടിയുള്ള കര്‍മ്മ പദ്ധതികള്‍ സംബന്ധിച്ച് നേതൃത്വത്തിന് അദ്ദേഹം റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഇക്കാര്യത്തില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെയിലാണ് കെസിആറുമായുള്ള കൂടിക്കാഴ്ച ശ്രദ്ധേയമാകുന്നത്. ശനിയാഴ്ച രാവിലെയാണ് പ്രശാന്ത് കിഷോര്‍ ഹൈദരാബാദില്‍ എത്തിയത്. തെലങ്കാന മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ പ്രഗതി ഭവനില്‍ തങ്ങിയ അദ്ദേഹം കെസിആറുമായി ചര്‍ച്ച നടത്തുകയായിരുന്നു. ഇന്നും ചര്‍ച്ചകള്‍ തുടരുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

തെലങ്കാനയില്‍ അടുത്ത വര്‍ഷം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിലും, വരാനിരിക്കുന്ന പൊതു തിരഞ്ഞെടുപ്പിലും പ്രശാന്ത് കിഷോറുമായി സഹകരിക്കുമെന്ന് കെസിആര്‍ നേരത്തെ അറിയിച്ചിരുന്നു. ഇതിനിടെയാണ് ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച. തെലുങ്കാനയില്‍ നിലവില്‍ കോണ്‍ഗ്രസാണ് പ്രധാന പ്രതിപക്ഷം. കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താനുള്ള ശ്രമങ്ങള്‍ക്കിടയില്‍ തെലുങ്കാനയിലെ ഭരണകക്ഷിയുമായുള്ള ചര്‍ച്ച പുതിയ തിരഞ്ഞെടുപ്പ് തന്ത്രത്തിന്റെ ഭാഗമാണോ എന്നും സന്ദേഹങ്ങളുണ്ട്.

കോണ്‍ഗ്രസിന്റെ പ്രതാപം വീണ്ടെടുക്കുന്നതിനായി പ്രശാന്ത്് കിഷോര്‍ സമര്‍പ്പിച്ച പദ്ധതിയില്‍ തെലങ്കാനയില്‍ കോണ്‍ഗ്രസും കെസിആറിന്റെ തെലങ്കാന രാഷ്ട്ര സമിതിയും പരസ്പരം സഹകരിക്കണമെന്ന് നിര്‍ദ്ദേശിച്ചതായും സൂചനകളുണ്ട്. എന്നാല്‍ കെസിആറുമായും ടിആര്‍എസുമായും സഹകരിക്കുന്നതില്‍ കോണ്‍ഗ്രസിന് താല്‍പര്യമില്ലെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

തെലങ്കാനയില്‍ നിയമസഭാ തിരഞ്ഞെടുപ്പിനായുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു. രാഹുല്‍ ഗാന്ധി മേയ് ആറിന് തെലങ്കാന സന്ദര്‍ശിക്കും. അദ്ദേഹം സംസ്ഥാനത്തെ രാഷ്ട്രീയ യോഗങ്ങളില്‍ ഉള്‍പ്പെടെ പങ്കെടുക്കും. അതേ സമയം പ്രശാന്ത് കിഷോറിന്റെ പാര്‍ട്ടി പ്രവാശനത്തില്‍ കോണ്‍ഗ്രസിന് ഉള്ളില്‍ തന്നെ അഭിപ്രായ വ്യത്യാസങ്ങളുള്ളതായി കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു.