മാംസാഹാരം കഴിക്കുന്നതില്‍ നിയന്ത്രണം വേണം: നോണ്‍-വെജിറ്റേറിയന്‍മാര്‍ക്ക് മുന്നറിയിപ്പുമായി മോഹന്‍ ഭാഗവത്

മാംസാഹാരം കഴിക്കുന്നതില്‍ നിയന്ത്രണം വരുത്തിയാല്‍ മനസ് ഏകാഗ്രമായിരിക്കുമെന്ന് ആര്‍എസ്എസ് അദ്ധ്യക്ഷന്‍ മോഹന്‍ ഭാഗവത്. തെറ്റായ ഭക്ഷണം കഴിക്കുന്നവര്‍ തെറ്റായ വഴിയില്‍ പോകുമെന്നും ആത്മീയതയാണ് ഇന്ത്യയുടെ ആത്മാവെന്നും ശ്രീലങ്കയും മാലിദ്വീപും ദുരിതത്തിലായപ്പോള്‍ സഹായിച്ചത് ഇന്ത്യ മാത്രമാണെന്നും മോഹന്‍ ഭാഗവത് പറഞ്ഞു.

തെറ്റായ ഭക്ഷണം കഴിച്ചാല്‍ നിങ്ങള്‍ തെറ്റായ വഴിയില്‍ പോകുമെന്ന് പറയപ്പെടുന്നു. ‘മാംസ’ ഭക്ഷണം കഴിക്കരുത്. പാശ്ചാത്യ രാജ്യങ്ങളിലുളളവര്‍ മത്സ്യവും മാംസവും കഴിക്കുന്നു. ഇവിടെയുള്ള നോണ്‍-വെജിറ്റേറിയന്‍മാര്‍ ‘ശ്രാവണ’ സമയത്തും ആഴ്ചയിലെ ചില ദിവസങ്ങളിലും നോണ്‍-വെജ് ഭക്ഷണം കഴിക്കാറില്ല. മാംസാഹാരം കഴിക്കുന്നതില്‍ അച്ചടക്കം പാലിക്കാന്‍ ശ്രമിക്കുക. അങ്ങനെയെങ്കില്‍ ആ മനസ് ഏകാഗ്രമായി തുടരും.

ഇവിടെ മാംസം കഴിക്കുന്ന ആളുകള്‍ ശ്രാവണ മാസത്തില്‍ മാംസം കഴിക്കാറില്ല. തിങ്കള്‍, ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളില്‍ അവര്‍ മാംസം ഒഴിവാക്കുന്നു. ചില നിയമങ്ങള്‍ അവര്‍ സ്വയം അടിച്ചേല്‍പ്പിക്കുന്നു. ആത്മീയതയാണ് ഇന്ത്യയുടെ ആത്മാവ്. ശ്രീലങ്കയും മാലിദ്വീപും ദുരിതത്തിലായപ്പോള്‍ സഹായിച്ചത് ഇന്ത്യ മാത്രമാണ്. മറ്റ് രാജ്യങ്ങള്‍ ബിസിനസ് കാര്യങ്ങളില്‍ ശ്രദ്ധിച്ചുവെന്നും മോഹന്‍ ഭാഗവത് കുറ്റപ്പെടുത്തി.

സംഘ്പരിവാര്‍ സംഘടനയായ ഭാരത് വികാസ് മഞ്ച് സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കവേയാണ് മോഹന്‍ ഭാഗവത് ഇക്കാര്യങ്ങള്‍ പറഞ്ഞത്. രാജ്യത്ത് നവരാത്രി ആഘോഷങ്ങള്‍ക്ക് തുടക്കമായ പശ്ചാത്തലത്തിലാണ് നോണ്‍-വെജ് ഭക്ഷണത്തെ കുറിച്ചുള്ള ആര്‍.എസ്.എസ് മേധാവിയുടെ പ്രസ്താവന. നവരാത്രി വേളയില്‍ വിശ്വാസികള്‍ വ്രതമെടുക്കുകയും മാംസ ഭക്ഷണം ഒഴിവാക്കുകയും ചെയ്യാറുണ്ട്.