എന്റെ പാര്‍ട്ടിയെ ഇല്ലാതാക്കുന്ന ഓഫര്‍ എങ്ങനെ എനിക്ക് സ്വീകരിക്കാനാകും?; ആര്‍എസ്എസ്സും ബിജെപിയും പ്രചരിപ്പിച്ചത് പച്ചക്കള്ളമെന്ന് മായാവതി

ഇന്ത്യയുടെ രാഷ്ട്രപതിയാകാനില്ലെന്നും ബിജെപിയടക്കം ഏതെങ്കിലും പാര്‍ട്ടി തരുന്ന അത്തരം വാഗ്ദാനങ്ങള്‍ സ്വീകരിക്കില്ലെന്നും ബിഎസ്പി നേതാവും ഉത്തര്‍പ്രദേശിലെ മുന്‍മുഖ്യമന്ത്രിയുമായ മായാവതി. ഇത്സംബന്ധിച്ച് ആര്‍എസ്എസ്സും ബിജെപിയും പച്ചക്കള്ളം പ്രചരിപ്പിച്ചെന്നും കേവലം ഒരു സീറ്റ് മാത്രം നേടിയ യുപി സംസ്ഥാന തെരഞ്ഞെടുപ്പ് വിശകലനം ചെയ്യാന്‍ ബിഎസ്പി യോഗം ചേര്‍ന്ന ശേഷം പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ മായാവതി അറിയിച്ചു. തന്റെ നേതാവ് കാന്‍ഷി റാമും ഇതിനു മുമ്പ് അത്തരം ഓഫര്‍ നിരസിച്ചിട്ടുണ്ടെന്നും അവര്‍ വ്യക്തമാക്കി.

‘എന്‍െ പാര്‍ട്ടിയെ ഇല്ലാതാക്കുന്ന ഓഫര്‍ എങ്ങനെ എനിക്ക് സ്വീകരിക്കാനാകും?. അതുകൊണ്ട് തന്നെ ബിജെപിയില്‍ നിന്നോ മറ്റേതെങ്കിലും പാര്‍ട്ടിയില്‍ നിന്നോ രാഷ്ട്രപതി പദവി സ്വീകരിക്കില്ലെന്ന് ബിഎസ്പി പ്രവര്‍ത്തകരെ അറിയിക്കുന്നു.

ഇനി അവര്‍ തെറ്റിദ്ധിപ്പിക്കപ്പെടരുത്’ മായാവതി പറഞ്ഞു. തിരഞ്ഞെടുപ്പ് പ്രചാരണത്തിലുടനീളം ബിജെപി യുപിയില്‍ ജയിച്ചാല്‍ തന്നെ രാഷ്ട്രപതിയാക്കുമെന്ന് ബിജെപിയും ആര്‍എസ്എസ്സും വ്യാജപ്രചാരണം നടത്തിയെന്നും അവര്‍ വിമര്‍ശിച്ചു.

ബിഎസ്പിയുടെ പരാജയത്തില്‍ നിരാശരാകരുതെന്നും തുടര്‍ന്നും രാജ്യത്തുടനീളം പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ താന്‍ നിലകൊള്ളുമെന്നും അവര്‍ പറഞ്ഞു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ യുപിയിലെ 403 സീറ്റില്‍ ഒരു സീറ്റ് മാത്രമാണ് നാലുവട്ടം മുഖ്യമന്ത്രിയായ മായാവതിയുടെ പാര്‍ട്ടിക്ക് ലഭിച്ചത്. 2017 ലെ തെരഞ്ഞെടുപ്പില്‍ ബിഎസ്പിക്ക് 19 സീറ്റ് ലഭിച്ചിരുന്നു.