മഥുര ഷാഹി ഈദ്ഗാഹ് പള്ളി പൊളിക്കണം; പൊതുതാത്പര്യ ഹര്‍ജി തള്ളി സുപ്രീംകോടതി

ഉത്തര്‍പ്രദേശിലെ മഥുര ഷാഹി ഈദ്ഗാഹ് പള്ളിയെ ശ്രീകൃഷ്ണന്റെ ജന്മഭൂമിയായി പ്രഖ്യാപിക്കണമെന്ന ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളി. ശ്രീകൃഷ്ണന്റെ ജന്മഭൂമിയിലാണ് പള്ളി സ്ഥിതി ചെയ്യുന്നതെന്നും ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ സര്‍വേ നടത്താന്‍ നിര്‍ദ്ദേശിക്കണമെന്നും പള്ളി പൊളിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.

സുപ്രീംകോടതി അഭിഭാഷകനായ മഹേക് മഹേശ്വരിയാണ് ഇത് സംബന്ധിച്ച ഹര്‍ജി നല്‍കിയത്. ഇസ്ലാം വിശ്വാസത്തില്‍ പള്ളി അനിവാര്യമല്ലെന്നായിരുന്നു ഹര്‍ജിക്കാരുടെ വാദം. ഇത് സംബന്ധിച്ച് മഹേക് മഹേശ്വരി നല്‍കിയ പൊതുതാത്പര്യ ഹര്‍ജി അലഹബാദ് ഹൈക്കോടതി തള്ളിയിരുന്നു.

ഇതേ തുടര്‍ന്നാണ് മഹേക് മഹേശ്വരി ഹര്‍ജിയുമായി സുപ്രീംകോടതിയെ സമീപിച്ചത്. എന്നാല്‍ വിഷയത്തില്‍ മറ്റൊരു ഹര്‍ജി കോടതിയുടെ പരിഗണനയിലുണ്ടെന്നും അതിനാല്‍ പൊതുതാത്പര്യ ഹര്‍ജിയായി വിഷയം കോടതിക്ക് പരിഗണിക്കാന്‍ സാധിക്കില്ലെന്നും കോടതി അറിയിച്ചു. അതേസമയം നേരത്തെ ആര്‍ക്കിയോളജിക്കല്‍ സര്‍വേയ്ക്ക് അഭിഭാഷക കമ്മീഷനെ നിയമിക്കാന്‍ ജസ്റ്റിസ് മായങ്ക് കുമാര്‍ ജെയ്ന്‍ അനുമതി നല്‍കിയിരുന്നു.