മാസ്‌കും സാമൂഹ്യ അകലവും തുടരണം; കേന്ദ്ര ആരോഗ്യമന്ത്രാലയം

മാസ്‌കും സാമൂഹ്യ അകലവും തുടരണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. മാസ്‌ക് ഒഴിവാക്കിയതായി തെറ്റായ വാര്‍ത്തകള്‍ പ്രചരിക്കുന്ന സാഹചര്യത്തിലാണ് കേന്ദ്രം ഇക്കാര്യം ആവര്‍ത്തിച്ചിരിക്കുന്നത്. ദുരന്ത നിവാരണ നിയമ പ്രകാരമുള്ള നടപടികള്‍ പിന്‍വലിക്കാനാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്.

മാസ്‌ക്, സാമൂഹിക അകലം എന്നിവടക്കം കേന്ദ്രം നിര്‍ദ്ദേശിക്കുന്ന നിയന്ത്രണങ്ങള്‍ പാലിക്കണമെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. മാസ്‌ക് ഒഴിവാക്കാറായിട്ടില്ലെന്ന് ഐഎംഎയും അറിയിച്ചു. കോവിഡിന്റെ അടുത്ത തരംഗം ജൂണില്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കുന്നതാണ് നല്ലതെന്നും ഐഎംഎ പറയുന്നു.

ദുരന്ത നിവാരണ നിയമപ്രകാരമുള്ള നിയന്ത്രണങ്ങള്‍ പിന്‍വലിക്കുന്നതോടെ മാസ്‌ക് ധരിക്കാത്തവര്‍ക്കെതിരെയും ആള്‍ക്കൂട്ടങ്ങള്‍ക്കും, കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെയും കേസ് എടുക്കുന്നത് ഒഴിവാകും. എന്നാല്‍ പ്രാദേശിക തലങ്ങളിലെ സാഹചര്യങ്ങള്‍ വിലയിരുത്തി സംസ്ഥാനങ്ങള്‍ക്ക് ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കാമെന്നും കേന്ദ്രം വ്യക്തമാക്കി.