കുറ്റാന്വേഷണത്തില്‍ 'ലേഡി സിങ്കം', പക്ഷേ കല്യാണ കാര്യത്തില്‍ തട്ടിപ്പിന് ഇര; യുപിയിലെ ഐപിഎസുകാരിയെ തെറ്റിദ്ധരിപ്പിച്ച് ഭര്‍ത്താവായ വ്യാജന്‍ തട്ടിയത് 15 ലക്ഷം

ഉത്തര്‍പ്രദശില്‍ ഐപിഎസ് ഉദ്യോഗസ്ഥയെ വിവാഹ തട്ടിപ്പിനിരയാക്കിയ യുവാവ് അറസ്റ്റില്‍. ഐആര്‍എസ് ഉദ്യോഗസ്ഥനെന്ന വ്യാജേന ഐപിഎസ് ഉദ്യോഗസ്ഥയെ വിവാഹം ചെയ്ത രോഹിത് രാജ് ആണ് പിടിയിലായത്. ഷാംലി ജില്ലയിലെ കമ്മീഷണര്‍ ശ്രേഷ്ഠ ഠാക്കൂര്‍ എന്ന 2012 ഐപിഎസ് ബാച്ച് ഉദ്യോഗസ്ഥയാണ് തട്ടിപ്പിനിരയായത്.

മാട്രിമോണിയല്‍ സൈറ്റിലൂടെയാണ് രോഹിത് രാജ് ശ്രേഷ്ഠ ഠാക്കൂറിനെ പരിചയപ്പെട്ടത്. 2008 ബാച്ചിലെ ഐആര്‍എസ് ഉദ്യോഗസ്ഥനെന്നായിരുന്നു രോഹിത് ശ്രേഷ്ഠയെ വിശ്വസിപ്പിച്ചത്. ഉത്തര്‍ പ്രദേശില്‍ ലേഡി സിങ്കം എന്നാണ് ശ്രേഷ്ഠ ഠാക്കൂറിനെ അറിയപ്പെടുന്നത്. കുറ്റാന്വേഷണ രംഗത്തെ മികവായിരുന്നു ശ്രേഷ്ഠയ്ക്ക് ലേഡി സിങ്കം എന്ന പേര് നേടിക്കൊടുത്തത്.

വിവാഹത്തിന് പിന്നാലെ രോഹിത് ഐആര്‍എസ് ഉദ്യോഗസ്ഥനല്ലെന്ന് ശ്രേഷ്ഠ കണ്ടെത്തിയിരുന്നു. തട്ടിപ്പ് കണ്ടെത്തിയെങ്കിലും ശ്രേഷ്ഠ വിവാഹബന്ധം തുടരുകയായിരുന്നു. എന്നാല്‍ ഇയാള്‍ ഭാര്യയുടെ പേരില്‍ മറ്റ് പലരേയും വഞ്ചിക്കാന്‍ തുടങ്ങിയതോടെയാണ് ഐപിഎസുകാരി വിവാഹ മോചന ഹര്‍ജി ഫയല്‍ ചെയ്തത്.

സംഭവത്തിന് പിന്നാലെയാണ് വഞ്ചന കേസുകളില്‍ പ്രതിയായ രോഹിത്തിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ശ്രേഷ്ഠയില്‍ നിന്ന് മാത്രം പ്രതി പതിനഞ്ച് ലക്ഷം രൂപ തട്ടിയതായി പരാതിയില്‍ പറയുന്നു.