വൈവാഹിക ബലാത്സംഗം; ഭിന്നവിധിയുമായി ഡല്‍ഹി ഹൈക്കോടതി, കേസ് സുപ്രീംകോടതിയിലേക്ക്‌

വൈവാഹിക ബലാത്സംഗം ക്രിമിനല്‍ കുറ്റമാക്കണമെന്ന ആവശ്യത്തില്‍ ഭിന്നവിധിയുമായി ഹൈക്കോടതി. കേസ് പരിഗണിച്ച രണ്ടംഗ ബെഞ്ചിലെ രണ്ടു ജഡ്ജിമാര്‍ വ്യത്യസ്ത വിധികള്‍ പുറപ്പെടുവിച്ചതോടെ ഹര്‍ജികള്‍ സുപ്രീംകോടതിയുടെ പരിഗണനയിലേക്ക് മാറ്റിയിരിക്കുകയാണ്.

ഭര്‍ത്താവ് ഭാര്യയുമായി ബലപ്രയോഗത്തിലൂടെ ലൈംഗിക ബന്ധം നടത്തുന്നതിനെ ബലാത്സംഗ കുറ്റത്തില്‍നിന്ന് ഒഴിവാക്കുന്ന, ഐപിസി 375 രണ്ടാം വകുപ്പ് ഭരണഘടനാ വിരുദ്ധമാണെന്ന് ജസ്റ്റിസ് രാജീവ് ഷക്ധേര്‍ പറഞ്ഞു. എന്നാല്‍ വകുപ്പ് ഭരണഘടനാപരമാണെന്നും ജസ്റ്റിസ് ഷക്ധേറിന്റെ വിധി ന്യായത്തോട് യോജിക്കുന്നില്ലെന്നുമാണ് ജസ്റ്റിസ് ഹരിശങ്കര്‍ പറഞ്ഞത്. തുടര്‍ന്ന് വിഷയത്തില്‍ സുപ്രീംകോടതി തീര്‍പ്പ് കല്‍പ്പിക്കട്ടെയെന്ന് ഇരു ജഡ്ജിമാരും അഭിപ്രായപ്പെട്ടു. സുപ്രീംകോടതിയില്‍ അപ്പീല്‍ സമര്‍പ്പിക്കാന്‍ ഹര്‍ജിക്കാര്‍ക്ക് അനുമതി നല്‍കി.

വിവാഹശേഷമുള്ള ഭര്‍ത്താവിന്റെ പീഡനവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഫെബ്രുവരി 21ലെ ഡല്‍ഹി കോടതി ഉത്തരവുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കുകയായിരുന്നു രണ്ടംഗ ബെഞ്ച്. പതിനഞ്ച് വയസില്‍ താഴെയല്ലാത്ത ഭാര്യയുമായി സമ്മതമില്ലാത്ത ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് കുറ്റകരമല്ലെന്ന വ്യവസ്ഥയെയാണ് ഹര്‍ജിക്കാര്‍ ചോദ്യം ചെയ്യുന്നത്.

വിവാഹിതനായ പുരുഷന്‍ ഭാര്യയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത്, ഭാര്യയ്ക്ക് പതിനെട്ടു വയസ്സില്‍ താഴെ അല്ലെങ്കില്‍ ബലാത്സംഗമല്ലെന്നാണ് നിയമത്തില്‍ പറയുന്നത്. ഇത് വിവാഹിതയായ സ്ത്രീയോടുള്ള വിവേചനമാണെന്ന് ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി. വൈവാഹിക ബന്ധത്തിലെ ബലാത്സംഗം കുറ്റകരമാക്കണമെന്ന് ആവശ്യപ്പെട്ട് 2015ല്‍ ആണ് ഡല്‍ഹി ഹൈക്കോടതിയില്‍ പൊതുതാത്പര്യ ഹര്‍ജികള്‍ സമര്‍പ്പിക്കപ്പെട്ടത്.