മണിപ്പൂരിലെ തെരുവിലിറങ്ങി വിദ്യാര്‍ത്ഥികള്‍; ബിജെപിയുടെ ഓഫിസ് കത്തിച്ചു; കലാപം കൂടുതല്‍ രൂക്ഷം; പ്രതിഷേധങ്ങള്‍ കൈവിടുന്നു; സൈന്യം നോക്കുകുത്തി

മണിപ്പൂരില്‍ വീണ്ടും സ്ഥിതിഗതികള്‍ വഷളാകുന്നു. പ്രക്ഷോഭകാരികള്‍ ബിജെപിയുടെ ഓഫിസ് കത്തിച്ചു. തൗബാലിലെ മണ്ഡലം കമ്മിറ്റി ഓഫിസ് മെയ്‌തെയ് വിഭാഗമാണ് കത്തിച്ചതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മെയ്തെയ് വിദ്യാര്‍ത്ഥികളുടെ മരണവുമായി ബന്ധപ്പെട്ട് നടക്കുന്ന പ്രതിഷേധങ്ങളാണ് കൈവിട്ടു പോയിരിക്കുന്നത്.

നേരത്തെ, മുഖ്യമന്ത്രിയുടെ വസതിക്കു മുന്നില്‍ വിദ്യാര്‍ഥികള്‍ പ്രതിഷേധിച്ചിരുന്നു.. വിദ്യാര്‍ഥികളുടെ ഭാഗത്തുനിന്ന് കല്ലേറുണ്ടായതിനെത്തുടര്‍ന്ന് സുരക്ഷാസേന മൂന്നു തവണ കണ്ണീര്‍വാതകം പ്രയോഗിച്ചു. മുഖ്യമന്ത്രിയുമായും ഗവര്‍ണറുമായും കൂടിക്കാഴ്ചയ്ക്ക് അവസരമുണ്ടാക്കാമെന്ന് പൊലീസ് ഉറപ്പ് നല്‍കിയെങ്കിലും വിദ്യാര്‍ഥികള്‍ക്കിടിയില്‍നിന്ന് കല്ലേറുണ്ടാവുകയായിരുന്നു. തുടര്‍ന്ന് പൊലീസ് നടത്തിയ ലാത്തി ചാര്‍ജില്‍ നൂറിലധികം കുട്ടികള്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

മാസങ്ങളായി നടക്കുന്ന കലാപത്തിന് ശമനമില്ലാതായതോടെ സായുധ സേനയുടെ പ്രത്യേക അധികാര നിയമം (അഫ്‌സ്പ) ആറ് മാസത്തേക്ക് കൂടി ഇന്ന് നീട്ടിയിട്ടുണ്ട്. തലസ്ഥാന നഗരമായ ഇംഫാല്‍ ഉള്‍പ്പെടെ 19 പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള പ്രദേശങ്ങളെ നിയമത്തില്‍ നിന്ന് ഒഴിവാക്കിയാണ് പുതിയ പ്രഖ്യാപനം. സൈന്യത്തിനും കലാപം നിയന്ത്രിക്കാന്‍ കഴിയാതെ വന്നതോടെയാണ് അഫ്സ്പ നീട്ടിയത്.

രണ്ട് വിദ്യാര്‍ത്ഥികളെ ആയുധധാരികളായ ഒരു സംഘം തട്ടിക്കൊണ്ടുപോയി ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തെത്തുടര്‍ന്ന് വീണ്ടും കഴിഞ്ഞ ദിവസം കലാപം പൊട്ടിപ്പുറപ്പെട്ടിരുന്നു. അഞ്ച് മാസത്തെ മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്കുള്ള നിരോധനം സര്‍ക്കാര്‍ നീക്കിയതിന് പിന്നാലെ
മെയ്തെയ് വിദ്യാര്‍ത്ഥികളുടെ മൃതദേഹങ്ങളുടെ ചിത്രങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചത്.

ജൂലൈയിലാണ് രണ്ട് വിദ്യാര്‍ത്ഥികളെ കാണാതെയായത്. ഇരുപതും പത്തൊന്‍പതും വയസ്സുള്ള വിദ്യാര്‍ത്ഥികള്‍ ഒളിച്ചോടിയതാണെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമാകുന്നതെന്ന് മണിപ്പൂര്‍ പൊലീസ് വ്യക്തമാക്കിയിരുന്നു.

മെയ്തെയ് വിദ്യാര്‍ത്ഥികളുടെ കൊലപാതകം അന്വേഷിക്കുന്നതിനായി സിബിഐ ഡയറക്ടര്‍ പ്രവീണ്‍ സൂദും സംഘവും ഇന്ന് മണിപ്പൂരില്‍ എത്തിയിട്ടുണ്ട്. വിദ്യാര്‍ത്ഥികളുടെ കൊലപാതക വിവരം പുറംലോകം അറിഞ്ഞതോടെ വന്‍ പ്രക്ഷോഭങ്ങളാണ് മണിപ്പൂരില്‍ നടക്കുന്നത്. സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് അഞ്ച് ദിവസത്തേക്ക് ഇന്റര്‍നെറ്റ് നിരോധനം ഏര്‍പ്പെടുത്തി. രണ്ട് ദിവസം സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു.