മണിപ്പൂർ കലാപത്തിനിടയിലെ വെടിവെപ്പ്; മുഖ്യപ്രതിയായ യുവമോർച്ച മുൻ സംസ്ഥാന അധ്യക്ഷൻ അറസ്റ്റിൽ

മണിപ്പൂര്‍ കലാപത്തിനിടെ ഉണ്ടായ വെടിവെപ്പ് കേസുമായി ബന്ധപ്പെട്ട് യുവമോര്‍ച്ച മുന്‍ സംസ്ഥാന അധ്യക്ഷൻ മനോഹർമയൂം ബാരിഷ് ശർമ്മ അറസ്റ്റിൽ. ഇംഫാലിൽ ഒക്ടോബർ 14 ന് നടന്ന വെടിവെപ്പ് കേസിൽ മുഖ്യപ്രതിയാണ് മനോഹർമയൂം ബാരിഷ് ശർമ്മ. ആയുധ നിയമം, കർഫ്യൂ ലംഘനം, ഭീഷണിപ്പെടുത്തൽ, വധശ്രമം എന്നീ കുറ്റങ്ങളാണ് ശർമയ്‌ക്കെതിരെ ചുമത്തിയിരിക്കുന്നത്.

വെടിവെപ്പിൽ ഒരു സ്ത്രീ ഉൾപ്പെടെ അഞ്ച് പേർക്ക് പരിക്കേറ്റിരുന്നു. ഇംഫാല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ രാത്രിയിലാണ് വെടിവെപ്പുണ്ടായത്.
മണിപ്പൂരില്‍ ഇരുവിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷം തുടരുന്നതിനിടെയാണ് ഒക്ടോബര്‍ 14ന് വെടിവെപ്പുണ്ടായത്. ഇത് തുടര്‍ന്നുള്ള അക്രമങ്ങള്‍ക്കും വഴിവെച്ചു. ഇംഫാല്‍ വെസ്റ്റ് ജില്ല മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ മനോഹർമയൂം ബാരിഷ് ശര്‍മ്മയെ ഒക്ടോബര്‍ 25വരെ റിമാന്‍ഡ് ചെയ്തു.

ഇതിനിടെ, മ്യാൻമാർ അതിർത്തിയായ മൊറേയിൽ അധിക സേനയെ വിന്യസിച്ചതിനെതിരെ കുക്കി സ്ത്രീകൾ പ്രതിഷേധവുമായി രംഗത്തെത്തി. സേനയിൽ കൂടുതൽ പേർ മെയ്തെകളെന്ന് കുക്കിസംഘടനകള്‍ ആരോപിച്ചു. വെടിവെപ്പ് കേസില്‍ ഇതുവരെ മൂന്നുപേരെയാണ് അറസ്റ്റ് ചെയ്തിട്ടുള്ളത്. കലുഷിതമായ മണിപ്പൂരിൽ ഇപ്പോഴും ഇന്‍റർനെറ്റ് നിരോധനം തുടരുന്നുണ്ട്.