മണിപ്പൂര്‍ കലാപം: രണ്ട് മാസത്തിനകം റിപ്പോര്‍ട്ട് നല്‍കണം, നിര്‍ണ്ണായക ഇടപെടലുമായി സുപ്രീം കോടതി

മണിപ്പൂര്‍ കലാപത്തില്‍ രണ്ട് മാസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്ന് സുപ്രീം കോടതി. അക്രമം നടത്തിയവരുമായി പൊലീസ് ഒത്തുകളിച്ചെന്ന ആരോപണത്തില്‍ അന്വേഷണത്തിനും സുപ്രീം കോടതി നിര്‍ദേശം നല്‍കി. ആരോപണങ്ങള്‍ അന്വേഷിക്കാന്‍ ദത്താത്രയ് പദ്സാല്‍ഗിക്കറോട് നിര്‍േദശിച്ചു.

അന്വേഷണത്തിന് ആവശ്യമായ സഹായം നല്‍കാന്‍ കേന്ദ്ര സര്‍ക്കാരും സംസ്ഥാന സര്‍ക്കാരിനും നിര്‍ദേശം നല്‍കിയ സുപ്രീംകോടതി രണ്ട് മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കണമെന്ന് ഉത്തരവിട്ടു. ഒക്ടോബര്‍ 13ന് ഈ റിപ്പോര്‍ട്ടുകള്‍ കോടതി പരിഗണിക്കും.

ഉത്തരവിന്റെ പകര്‍പ്പ് ഇന്നലെ രാത്രിയാണ് പുറത്തിറക്കിയത്. മണിപ്പൂര്‍ കലാപത്തിലും അന്വേഷണത്തിലും അതിനിര്‍ണ്ണായക ഇടപെടലാണ് സുപ്രീം കോടതി നടത്തിയിരിക്കുന്നത്. സ്വമേധയ എടുത്ത കേസ് ഉള്‍പ്പെടെ വിവിധ ഹര്‍ജികള്‍ പരിഗണിച്ചാണ് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഢ് അധ്യക്ഷനായ ബെഞ്ചിന്റെ ഇടപെടലുണ്ടായത്.

മുന്‍ ഹൈക്കോടതി വനിതാ ജഡ്ജിമാര്‍ അടങ്ങുന്ന ഉന്നതതല സമിതിയെയാണ് കലാപത്തെ കുറിച്ച് അന്വേഷിക്കാന്‍ നിയോഗിച്ചിട്ടുള്ളത്. മുന്‍ ജഡ്ജിമാരായ ഗീത മിത്തല്‍, ശാലിനി പി ജോഷി, മലയാളിയായ ആശ മേനോന്‍ എന്നിവരടങ്ങുന്നതാണ് സമിതി. അന്വേഷങ്ങള്‍ക്ക് പുറമെ പുനരധിവാസം, ദുരിതാശ്വാസ പ്രവര്‍ത്തനം, നഷ്ടപരിഹാരം തുടങ്ങിയ കാര്യങ്ങളും സമിതിയുടെ പരിധിയില്‍ വരും.