മണിപ്പൂര്‍ ബി.ജെ.പിയില്‍ പൊട്ടിത്തെറി; പ്രതിഷേധം, രാജി; മോദിയുടെയും മുഖ്യമന്ത്രി ബിരേന്‍ സിങിന്റെയും കോലം കത്തിച്ചു

നിയമസഭ തിരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചതിന് പിന്നാലെ മണിപ്പൂര്‍ ബി.ജെ.പിയില്‍ പൊട്ടിത്തെറി. സീറ്റ് കിട്ടാത്തതില്‍ പ്രതിഷേധിച്ച് നേതാക്കളുടെ അണികള്‍ വ്യാപക അക്രമം നടത്തി. ബി.ജെ.പി അനുഭാവികള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും മണിപ്പൂര്‍ മുഖ്യമന്ത്രി എന്‍ ബിരേണ്‍ സിങിന്റെയും കോലം കത്തിക്കുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്തു. കോണ്‍ഗ്രസില്‍ നിന്നെത്തിയവര്‍ക്ക് സീറ്റ് നല്‍കിയതാണ് പ്രകോപനങ്ങള്‍ക്ക് കാരണം.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പാര്‍ട്ടി ഓഫീസുകള്‍ അടിച്ചു തകര്‍ക്കുകയും പലയിടത്തും പ്ലക്കാര്‍ഡുകളുമായി പ്രതിഷേധക്കാര്‍ തടിച്ചു കൂടുകയും ചെയ്തു. പാര്‍ട്ടി കൊടിയും തിരഞ്ഞെടുപ്പ് പ്രചാരണ സാമഗ്രികളും കത്തിച്ചു. ഇംഫാലിലെ ബി.ജെ.പി ആസ്ഥാനത്തിന് ചുറ്റും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ടിക്കറ്റ് ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന ഏതാനും പാര്‍ട്ടി പ്രവര്‍ത്തകര്‍ രാജി വച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. കോണ്‍ഗ്രസില്‍ നിന്ന് കൂറുമാറി ബി.ജെ.പിയില്‍ എത്തിയവര്‍ക്ക് സീറ്റ് നല്‍കുന്നതിനായി മാറ്റി നിര്‍ത്തപ്പെട്ടതോടെ അസംതൃപ്തരായ നേതാക്കളാണ് ഇതില്‍ ഭൂരിഭാഗവും.

അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ ബി.ജെ.പി ഇന്നലെയാണ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്. ആകെയുള്ള 60 സീറ്റിലേക്കും ബി.ജെ.പി സ്ഥാനാര്‍ത്ഥികളെയാണ് പ്രഖ്യാപിച്ചത്. പട്ടികയില്‍ ഇടം നേടിയ പത്ത് പേര്‍ ഈയിടെ കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയില്‍ എത്തിയവരാണ്. ഇതിന് പിന്നാലെ പ്രതിഷേധം കനക്കുകയായിരുന്നു. മുന്‍ പി.സി.സി അധ്യക്ഷനായിരുന്ന കന്തുജാം ഗോവിന്ദ് ദാസടക്കം ഇക്കുറി മത്സരത്തിനുണ്ട്. ആകെ മൂന്ന് സ്ത്രീകള്‍ മാത്രമാണ് പട്ടികയില്‍ ഇടംപിടിച്ചിട്ടുള്ളത്. ഭൂപേന്ദര്‍ യാദവാണ് സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചത്.

മുഖ്യമന്ത്രി എന്‍ ബിരേണ്‍ സിങ് സിറ്റിങ് സീറ്റും വിശ്വസ്ത മണ്ഡലവുമായ ഹെയ്ങ്ങാങ്ങില്‍ തന്നെ മത്സരിക്കും. പൊതുമരാമത്ത് മന്ത്രി തോങ്ജുവിലും മുന്‍ ദേശീയ ഫുട്ബോള്‍ താരവും ചര്‍ച്ചില്‍ ബ്രദേശ് മുന്‍ നായകനുമായ സോമതായ് ഷായ്സ ഇത്തവണയും ഉഖ്റുവിലും അങ്കത്തിനിറങ്ങും. മുഖ്യമന്ത്രിയുടെ വിശ്വസ്തരില്‍ മിക്കവര്‍ക്കും സീറ്റ് ലഭിച്ചിട്ടുണ്ട്.

മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ ബിജെപി ഭരണം നിലനിര്‍ത്തുമെന്ന് വാര്‍ത്താസമ്മേളനത്തില്‍ ഭൂപേന്ദര്‍ യാദവ് അവകാശപ്പെട്ടു. സമാധാനവും വികസനവും നിറഞ്ഞ ഭരണമാണ് കഴിഞ്ഞ ബി.ജെ.പി സര്‍ക്കാരിന്റേത്. ഇത്തവണ മുഴുവന്‍ സീറ്റിലും പാര്‍ട്ടി മത്സരിക്കും. ദീര്‍ഘകാലമായി ബി.ജെ.പിക്കു വേണ്ടി പ്രവര്‍ത്തിച്ചിട്ടുള്ളവര്‍ക്കാണ് കൂടുതല്‍ സീറ്റും നല്‍കിയിട്ടുള്ളത്. കായിക, ഭരണ, അക്കാദമികരംഗങ്ങളിലുള്ളവരെല്ലാം പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ടെന്നും ഭൂപേന്ദര്‍ യാദവ് പറഞ്ഞിരുന്നു.

നിലവില്‍ ബി.ജെ.പി നയിക്കുന്ന എന്‍.ഡി.എ സര്‍ക്കാരാണ് മണിപ്പൂര്‍ ഭരിക്കുന്നത്. ബിജെപിക്ക് 30 എം.എല്‍.എമാരാണുള്ളത്. നാഷനല്‍ പീപ്പിള്‍സ് പാര്‍ട്ടി(എന്‍.പി.പി)യുടെ മൂന്നും നാഗാ പീപ്പിള്‍സ് ഫ്രണ്ടിന്റെ നാലും മൂന്ന് സ്വതന്ത്രന്മാരും അടങ്ങുന്നതാണ് എന്‍.ഡി.എ സര്‍ക്കാര്‍. രണ്ടുഘട്ടങ്ങളിലായാണ് മണിപ്പൂരില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്. ആദ്യ ഘട്ടം ഫെബ്രുവരി 27നും രണ്ടാം ഘട്ടം മാര്‍ച്ച് മൂന്നിനും നടക്കും.