മംഗളൂരു വെടിവെയ്പ്പ്: സംഘര്‍ഷത്തിനു പിന്നില്‍ കേരളത്തില്‍ നിന്നുള്ളവരാണെന്ന് കര്‍ണാടക ആഭ്യന്തര മന്ത്രി

പൗരത്വ ഭേദഗതി നിയമത്തിന് എതിരെ മംഗളൂരുവില്‍ നടന്ന പ്രതിഷേധത്തില്‍ സംഘര്‍ഷമുണ്ടാക്കിയത് കേരളത്തില്‍ നിന്നുള്ളവരെന്ന് കര്‍ണാടക ആഭ്യന്തര മന്ത്രി ബസവരാജ് ബൊമ്മൈ. വ്യാപക പ്രതിഷേധമാണ് ഇന്നലെ മംഗളൂരുവില്‍ നടന്നത്, ഇതിനിടെയുണ്ടായ പൊലീസ് വെടിവെയ്പ്പില്‍ രണ്ടുപേര്‍ മരിച്ചിരുന്നു. പൊലീസ് സ്റ്റേഷന്‍ തീയിടാന്‍ ശ്രമിച്ചപ്പോഴാണ് വെടിവെച്ചതെന്നും മന്ത്രി വിശദീകരിച്ചു. പ്രതിഷേധം സംഘര്‍ഷത്തിലേക്ക് വഴിമാറാനുള്ള സാദ്ധ്യത കണക്കിലെടുത്ത് മംഗളൂരുവില്‍ നേരത്തേ തന്നെ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു.

എന്നാല്‍ നിരോധനാജ്ഞ നില നില്‍ക്കുമ്പോള്‍ തന്നെ ആയിരക്കണക്കിന് ആളുകളാണ് പ്രതിഷേധ പ്രകടനത്തില്‍ പങ്കെടുക്കാനെത്തിയത്. കമ്മീഷണര്‍ ഓഫീസിലേക്ക് നീങ്ങിയ പ്രതിഷേധ മാര്‍ച്ച് പൊലീസ് തടഞ്ഞതോടെയാണ് സംഘര്‍ഷം ആരംഭിച്ചത്. പൊലീസ് ആദ്യം പ്രതിഷേധക്കാര്‍ക്ക് നേരെ ലാത്തിച്ചാര്‍ജ് നടത്തുകയും പിന്നീട് ഗ്രനേഡ് പ്രയോഗിക്കുകയും ചെയ്തു. തുടര്‍ന്നാണ് റബര്‍ ബുള്ളറ്റ് ഉപയോഗിച്ച് വെടിവെയ്പ്പ് നടത്തിയത്.

മംഗളൂരു സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ മംഗളൂരൂ കമ്മീഷണറേറ്റ് പരിധിയില്‍ മുഴുവന്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു. നേരത്തെ അഞ്ച് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ മാത്രമായിരുന്നു കര്‍ഫ്യൂ. കര്‍ണാടകത്തിലെ മുഴുവന്‍ ജില്ലകളിലും ജാഗ്രതാനിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സമാധാനം പാലിക്കണമെന്ന് മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ അഭ്യര്‍ത്ഥിച്ചു.

കലബുറഗി, മൈസൂരു, ഹാസന്‍, ബെല്ലാരി, ഉത്തര കന്നഡ ജില്ലകളില്‍ കൂടുതല്‍ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. എഡിജിപി ബി ദയാനന്ദ് മംഗളൂരുവില്‍ എത്തി. അതേസമയം നിരോധനാജ്ഞ ലംഘിച്ചു ബെംഗളൂരുവില്‍ സമരം ചെയ്യുമെന്ന് വിവിധ സംഘടനകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.