കോവിഡ് വ്യാപനം; മമത ബാനർജിയുടെ കൊൽക്കത്തയിലെ പ്രചാരണങ്ങൾ റദ്ദാക്കി 

പശ്ചിമ ബം​ഗാൾ തിരഞ്ഞെടുപ്പ് പ്രചാരണച്ചൂടിലിരിക്കെ കൊല്‍ക്കത്തയിലെ തൃണമുല്‍ കോണ്‍ഗ്രസിന്റെ പ്രചാരണ റാലികള്‍ റദ്ദാക്കി. മുഖ്യമന്ത്രിയും പാര്‍ട്ടി നേതാവുമായ മമതാ ബാനര്‍ജിയാണ് ഞായറാഴ്ച ഇക്കാര്യം അറിയിച്ചത്. കോവിഡ് വ്യാപനം അനിയന്ത്രിതമായി വര്‍ദ്ധിക്കുന്ന സാഹചര്യം കണക്കിലെടുത്താണിത്. പ്രചാരണത്തിന്റെ അവസാന ദിവസം പ്രതീകാത്മക പ്രചാരണത്തിൽ മമത പങ്കെടുക്കുമെന്നും അദ്ദേഹം ട്വീറ്റിൽ പറയുന്നു.

മറ്റ് ജില്ലകളിലെ മമത പങ്കെടുക്കുന്ന പ്രചാരണറാലികള്‍ക്ക് മാറ്റമുണ്ടാകില്ലെന്ന് പാര്‍ട്ടിവൃത്തങ്ങള്‍ വ്യക്തമാക്കി. എന്നാല്‍ പൊതുപരിപാടികളുടെ ദൈര്‍ഘ്യം പരമാവധി 30 മിനിറ്റായി നിജപ്പെടുത്തിയിട്ടുണ്ട്.

കൊല്‍ക്കത്തയിലെ തിരഞ്ഞെടുപ്പ് പ്രചാരണപരിപാടികളില്‍ മമത ബാനര്‍ജി പങ്കെടുക്കില്ലെന്നും പ്രചാരണത്തിന്റെ അവസാന ദിവസമായ ഏപ്രില്‍ ഇരുപത്തിയാറിന് നടക്കുന്ന പരിപാടിയില്‍ സൂചകാത്മകമായി മാത്രം അവര്‍ പങ്കെടുക്കുമെന്നും ടിഎംസി എംപി ഡെറക് ഒ ബ്രയാന്‍ ട്വിറ്ററിലൂടെ അറിയിച്ചു.

ബംഗാളിലെ പ്രതിദിന കോവിഡ് കണക്കില്‍ ഏറ്റവുമധികം വര്‍ദ്ധന രേഖപ്പെടുത്തിയതിന് തൊട്ടു പിന്നാലെയാണ് മമത ഇക്കാര്യം അറിയിച്ചത്. ബംഗാളിലെ റാലികള്‍ റദ്ദാക്കുന്നതായി രാഹുല്‍ ഗാന്ധിയും ഞായറാഴ്ച അറിയിച്ചിരുന്നു.