മതം ഒരാളുടെ വ്യക്തിപരമായ കാര്യം; ഉത്സവങ്ങള്‍ എല്ലാവരുടേതും; അയോധ്യയില്‍ നടക്കുന്നത് രാഷ്ട്രീയ കളി; നാളെ ക്ഷേത്ര ദര്‍ശനം പ്രഖ്യാപിച്ച് മമതാ ബാനര്‍ജി

അയോധ്യയില്‍ രാമക്ഷേത്രത്തിന്റെ പേരില നടക്കുന്നത് രാഷ്ട്രീയ കളിയെന്ന് തൃണമൂല്‍ നേതാവും ബംഗാള്‍ മുഖ്യമന്ത്രിയുമായ മമതാ ബാനര്‍ജി. മതം എന്നത് തികച്ചും ഒരാളുടെ വ്യക്തിപരമായ കാര്യമാണ്. എന്നാല്‍ ഉത്സവങ്ങള്‍ എല്ലാവരുടേതുമാണ്. രാമക്ഷേത്ര പ്രതിഷ്ഠാ ദിനത്തില്‍ കാളീഘട്ട് ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുമെന്ന് അവര്‍ വ്യക്തമാക്കി.

ക്ഷേത്ര ദര്‍ശനത്തിന് ശേഷം തൃണമൂല്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ റാലിയും സംഘടിപ്പിക്കും. 22 ന് നടക്കുന്ന റാലി എല്ലാവരും ഒന്നിച്ച് ആഘോഷമാക്കി മാറ്റണം. കാളിഘട്ട് ക്ഷേത്രത്തില്‍ നിന്ന് ആംഭിക്കുന്ന റാലി പാര്‍ക്ക് സര്‍ക്കസ് മൈദാനിയില്‍ നടക്കുന്ന പൊതു സമ്മേളനത്തോടെ അസാനിപ്പിക്കുമെന്ന് മമത വ്യക്തമാക്കി.

തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള രാഷ്ട്രീയ കളിയാണ് അയോധ്യയില്‍ നടക്കുന്നത്. വ്യക്തിപരമായി ഇതില്‍ എതിര്‍പ്പില്ല. മറ്റ് മതങ്ങളെ നോവിച്ചുകൊണ്ടാവരുത് ഈ കളി. ജീവനുള്ളിടത്തോളം കാലം ഇത്തരം കാര്യങ്ങള്‍ പ്രോത്സാഹിപ്പിക്കില്ലെന്നും മമതാ ബാനര്‍ജി പറഞ്ഞു.