രസഗുളയും കുര്‍ത്തയുമൊക്കെ സമ്മാനിച്ചെന്നിരിക്കും അത് ഞങ്ങളുടെ ആതിഥ്യമര്യാദ, പക്ഷേ ഒരൊറ്റ വോട്ട് പോലും ബി.ജെ.പിക്ക് കിട്ടുമെന്ന് സ്വപ്‌നം കാണേണ്ട; മോദിക്ക് മമതയുടെ മറുപടി

പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി എല്ലാ വര്‍ഷവും തനിക്ക് ഒന്നോ രണ്ടോ കുര്‍ത്തകള്‍ സമ്മാനമായി നല്‍കാറുണ്ടെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസ്താവനയ്ക്ക് മറുപടിയുമായി മമത.

രസഗുളയും സമ്മാനങ്ങളും നല്‍കിയാണ് തങ്ങള്‍ അതിഥികളെ സ്വീകരിക്കാറുള്ളതെന്നും  അത് ആതിഥ്യമര്യാദയായി മാത്രം കണക്കാക്കിയാല്‍ മതിയെന്നും എന്നാല്‍ ഒരൊറ്റ വോട്ട് പോലും ബി.ജെ.പിക്ക് നല്‍കില്ലെന്നുമായിരുന്നു മമത പറഞ്ഞത്. മോദിയുടെ പേര് പരാമര്‍ശിക്കാതെയായിരുന്നു മമതയുടെ മറുപടി. പ്രത്യേക അവസരങ്ങളില്‍ എത്തുന്ന അതിഥികളെ ഏറ്റവും മികച്ച രീതിയില്‍ തന്നെ സ്വീകരിക്കുക എന്നത് ബംഗാളിന്റെ സംസ്‌കാരമാണ്. എന്നാല്‍ അതൊന്നും വോട്ടായി മാറുമെന്ന് ആരും സ്വപ്നം പോലും കരുതേണ്ട- മമത പറഞ്ഞു.

Read more

മോദിക്ക് മാത്രമല്ല മറ്റ് രാഷ്ട്രീയ നേതാക്കള്‍ക്കും ദീദി സമ്മാനങ്ങള്‍ അയക്കാറുണ്ടെന്നായിരുന്നു തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഇന്നലെ പ്രതികരിച്ചത്. മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിക്ക് അദ്ദേഹത്തിന് ഇഷ്ടപ്പെട്ട മാങ്ങ, മധുരപലഹാരങ്ങള്‍, കുര്‍ത്ത എന്നിവ എല്ലാവര്‍ഷവും അയക്കാറുണ്ട്. രാംനാഥ് കോവിന്ദിനും ഇത്തരത്തില്‍ സമ്മാനങ്ങള്‍ അയച്ചു കൊടുക്കാറുണ്ട്. അത് തന്നെയാണ് മോദിയ്ക്കും നല്‍കിയത്. ഇതൊന്നും അത്ര വലിയ കാര്യമല്ല. എല്ലാവരോടും ബഹുമാനം വെച്ചു പുലര്‍ത്തുന്ന, അങ്ങേയറ്റം ഉപചാരശീലമുള്ള നേതാവാണ് മമത ദീദി. അടല്‍ ബിഹാരി വാജ്‌പേയിക്ക് മമതാ ജീ ബംഗാളി പലഹാരമായ മാല്‍പൂവ കൊടുത്തയക്കുമായിരുന്നു. അദ്ദേഹത്തിന് അത് ഏറെ ഇഷ്ടമായിരുന്നു. – എന്നായിരുന്നു തൃണമൂല്‍ നേതാക്കള്‍ പറഞ്ഞത്.