നിന്റെ അച്ഛനും താനും ഒരുമിച്ച് പ്രവര്‍ത്തിച്ചവരാണ്; നീരജ് ശേഖറിനോട് കയര്‍ത്ത് മല്ലികാര്‍ജുന്‍ ഖാര്‍ഗെ

രാജ്യസഭയില്‍ മുന്‍ പ്രധാനമന്ത്രി ചന്ദ്രശേഖറിന്റെ മകനോട് കയര്‍ത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. യുഎസ് ഡോളറിനെതിരെ ഇന്ത്യന്‍ രൂപയുടെ തകര്‍ച്ചയെക്കുറിച്ച് മല്ലികാര്‍ജുന്‍ ഖാര്‍ഗെ സംസാരിക്കുന്നതിനിടെ ബിജെപി എംപിയായ നീരജ് ശേഖര്‍ ഇടപെട്ടതാണ് പ്രകോപനത്തിന് കാരണമായത്.

രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തില്‍ നന്ദിപ്രമേയ ചര്‍ച്ച നടക്കുമ്പോഴായിരുന്നു സംഭവം. നിന്റെ അച്ഛനും താനും ഒരുമിച്ച് പ്രവര്‍ത്തിച്ചവരാണ്. നിങ്ങളെന്താണ് സംസാരിക്കുന്നത്? മിണ്ടാതെ അവിടെ ഇരിക്കൂ എന്നായിരുന്നു ഖാര്‍ഗെയുടെ വാക്കുകള്‍. തുടര്‍ന്ന് സഭയില്‍ ഇരുവിഭാഗങ്ങള്‍ ബഹളംവെച്ചു.

വിഷയത്തില്‍ ഇടപെട്ട സഭാധ്യക്ഷന്‍ ജഗദീപ് ധന്‍കര്‍ ഖാര്‍ഗെയോട് പരാമര്‍ശം പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍, താന്‍ ആരേയും അപമാനിച്ചിട്ടില്ലെന്നായിരുന്നു ഖാര്‍ഗെയുടെ മറുപടി. മുന്‍പ്രധാനമന്ത്രിയെ സഖാവ് എന്ന് വിശേഷിപ്പിച്ച ഖാര്‍ഗെ, താന്‍ അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിച്ചതാണ് ചൂണ്ടിക്കാണിച്ചതെന്നും വ്യക്തമാക്കി.

എന്നാല്‍ ഖാര്‍ഗെയുടെ പ്രസ്താവനയ്‌ക്കെതിരെ വലിയ പ്രതിഷേധവുമുണ്ടായി. ഉത്തര്‍പ്രദേശിലെ ബലിയയില്‍ ചന്ദ്രശേഖര്‍ അനുകൂലികള്‍ ഖാര്‍ഗെയുടെ കോലം കത്തിച്ചു.