ധർമ്മസ്ഥല ദുരൂഹ മരണങ്ങളിൽ അന്വേഷണം ആവശ്യപ്പെട്ട് മലയാളി കുടുംബം; പരാതി 39 വർഷം മുമ്പ് കൊല്ലപ്പെട്ട വിദ്യാർത്ഥിനിയുടെ കേസിൽ

കർണാടകയിലെ ധർമ്മസ്ഥലയിലെ ദുരൂഹ മരണങ്ങളിൽ വേഗത്തിലുള്ള അന്വേഷണം ആവശ്യപ്പെട്ട് മലയാളി കുടുംബം. നേത്രാവതി പുഴയോരത്ത് 39 വർഷം മുമ്പ് മരിച്ച നിലയിൽ കണ്ടെത്തിയ അന്ന് വിദ്യാർത്ഥിനിയായിരുന്ന പത്മലതയുടെ കുടുംബമാണ് പൊലീസിനെ സമീപിച്ചിരിക്കുന്നത്. പോണ്ടിച്ചേരി യൂണിവേഴ്സിറ്റി വിദ്യാർത്ഥിനിയായിരുന്ന പത്മലതയെ കാണാതായി 53 ദിവസത്തിന് ശേഷമാണ് നേത്രാവതി പുഴയിൽ നിന്ന് അസ്ഥികൂടമായി കണ്ടെത്തിയത്.

കൊലപാതകമെന്ന് പൊലീസ് കണ്ടെത്തിയെങ്കിലും പ്രതികളെ കണ്ടെത്താനാവാത്തതിനാൽ കേസ് എഴുതിത്തള്ളേണ്ടി വരികയായിരുന്നു. അതേസമയം ധർമസ്ഥല കേസിൽ നടുക്കുന്ന വെളിപ്പെടുത്തൽ നടത്തിയ ശുചീകരണ തൊഴിലാളി പോലീസിൽ നൽകിയ മൊഴിയുടെ പകർപ്പ് പുറത്ത് വന്നിരുന്നു. കൊലപാതകത്തിന് ഉത്തരവിട്ടവരെ ഭയന്ന് തനിക്ക് അയൽ സംസ്ഥാനത്ത് 11 വർഷമായി ഒളിവിൽ കഴിയേണ്ടി വന്നു. ഏതു നിമിഷവും കൊല്ലപ്പെടും എന്ന ഭീതി വേട്ടയാടുന്നു. സത്യം തെളിയിക്കാൻ പോളിഗ്രാഫ് പരിശോധനയ്ക്ക് തയ്യാറാണെന്നും ശുചീകരണത്തൊഴിലാളി പോലീസിൽ നൽകിയ മൊഴിയിൽ ഉണ്ട്.

Read more

സ്ത്രീകൾക്കും പെൺകുട്ടികൾക്കും ഒപ്പം നിരവധി പുരുഷന്മാരും കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് ഇയാളുടെ വെളിപ്പടുത്തൽ. നിരവധി കൊലപാതകങ്ങൾ താൻ നേരിൽ കണ്ടെന്നും അവ മറവ് ചെയ്തില്ലെങ്കിൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും മൊഴിയിലുണ്ട്. ശുചീകരണ തൊഴിലാളി എന്നത് പേരിന് മാത്രമായിരുന്നു. ഭയാനകമായ കുറ്റ കൃത്യങ്ങളുടെ തെളിവുകൾ മറച്ചു വയ്ക്കുന്ന ജോലി ആയിരുന്നു തനിക്കെന്നും ഇയാൾ‌ പറഞ്ഞു.