ഓർത്തഡോക്സ്- യാക്കോബായ തർക്കം; മൃതദേഹ സംസ്കാരത്തിൽ ഇനി ഇടപെടില്ലെന്ന് സുപ്രീം കോടതി

ഓർത്തഡോക്സ്- യാക്കോബായ പള്ളി തർക്ക കേസിൽ, മൃതദേഹങ്ങള്‍ കുടുംബ കല്ലറകള്‍ ഉള്ള പള്ളികളില്‍ സംസ്‌കരിക്കുന്നതിന്  സര്‍ക്കാര്‍ കൊണ്ടുവന്ന ഓര്‍ഡിനന്‍സില്‍ ഇടപെടില്ലെന്ന് സുപ്രീം കോടതി. ഓർത്തഡോക്സ് സഭ നൽകിയ കോടതിയലക്ഷ്യ ഹർജി പരിഗണിക്കുന്നതിനിടെയാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. മൃതദേഹങ്ങൾ സംസ്കരിക്കുന്ന കാര്യത്തിൽ ഇടപെടില്ലെന്ന് സുപ്രീം കോടതി . ഏതു വൈദികനാണ് അന്ത്യകർമ്മങ്ങൾ നിർവഹിക്കുന്നത് എന്നത് കോടതിയുടെ വിഷയമല്ല. മരിച്ചവരോട് അനാദരവു കാണിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും ജസ്റ്റിസ് അരുൺ മിശ്ര പറഞ്ഞു.

വാദത്തിനിടെ,  സർക്കാർ കൊണ്ടുവന്ന ഓർഡിനൻസും ഓർത്തഡോക്സ് സഭയുടെ അഭിഭാഷകർ കോടതിയുടെ ശ്രദ്ധയിൽ പെടുത്തി. എന്നാൽ 2017- ലെ വിധി പള്ളികളുടെ ഭരണവുമായി ബന്ധപ്പെട്ടു മാത്രമാണെന്നും അതിനപ്പുറത്തുള്ള വിഷയങ്ങളിൽ ഇടപെടില്ലെന്നും ജസ്റ്റിസ് അരുൺമിശ്ര അദ്ധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.

കൂടുതൽ നിർബന്ധം പിടിച്ചാൽ ഓർത്തഡോക്സ് സഭയുടെ കോടതിയലക്ഷ്യ ഹർജി തള്ളുമെന്ന് ജസ്റ്റിസ് മിശ്ര മുന്നറിയിപ്പു നൽകി. ഭരണപരമായ തർക്കത്തിൽ ഇതുവരെ അമ്പത് ശതമാനം പ്രശ്നം പരിഹരിച്ചു. ബാക്കി പ്രശ്നങ്ങൾ തന്റെ കാലത്തോ തനിക്കു ശേഷം വരുന്നവരോ പരിഹരിക്കും. അതിനായി കാത്തിരിക്കണമെന്നും കോടതി പറഞ്ഞു. കേസ് ഫെബ്രുവരിയിലേക്കു മാറ്റിവെച്ച കോടതി, ഇരുകക്ഷികൾക്കും സത്യവാങ്മൂലം സമർപ്പിക്കാൻ അനുമതി നൽകി.

മലങ്കര സഭയ്ക്കു കീഴിലുള്ള പള്ളികൾ 1934- ലെ ഭരണഘടന പ്രകാരം ഭരിക്കപ്പെടണം എന്ന വിധി നടപ്പാക്കിയില്ലെങ്കിൽ ചീഫ് സെക്രട്ടറിയെ ജയിലിൽ അയയ്ക്കുമെന്ന് ജസ്റ്റിസ് അരുൺ മിശ്ര നേരത്തെ പറഞ്ഞിരുന്നു. അത്തരം കടുത്ത തീരുമാനങ്ങളിലേക്ക് ഇല്ല എന്ന സൂചന കൂടിയാണ് ഇന്നത്തെ കോടതി പരാമർശങ്ങൾ നൽകുന്നത്.