'അടിസ്ഥാന രഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നത് രാഹുൽ ഗാന്ധിയുടെ ശീലമായി മാറി, തുടർച്ചയായ പരാജയം മൂലം കോൺഗ്രസിൻ്റെ നിരാശ വർധിക്കുകയാണ്'; അനുരാഗ് ഠാക്കൂർ

ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ ആരോപണങ്ങൾക്കെതിരെ പ്രതികരണവുമായി കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ. അടിസ്ഥാന രഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നത് രാഹുൽ ഗാന്ധിയുടെ ശീലമായി മാറിയെന്ന് അനുരാഗ് ഠാക്കൂർ പറഞ്ഞു. തുടർച്ചയായ പരാജയം മൂലം കോൺഗ്രസിൻ്റെ നിരാശ നിരന്തരം വർധിക്കുകയാണെന്നും അതിനാലാണ് ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നും അനുരാഗ് ഠാക്കൂർ പരിഹസിച്ചു.

വോട്ടർ പട്ടികയിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ടാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ വീണ്ടും ആരോപണവുമായി രാഹുൽ ഗാന്ധി രംഗത്തെത്തിയത്. പിന്നാലെ ആരോപണങ്ങളിൽ രാഹുൽ ഗാന്ധിയെയും കോൺഗ്രസിനെയും കുറ്റപ്പെടുത്തിയാണ് അനുരാഗ് ഠാക്കൂർ രംഗത്ത് വന്നത്. ഡൽഹിയിൽ നടത്തിയ വാർത്താ സമ്മേളനത്തിലായിരുന്നു വിമർശനം. ഓൺലൈനായി വോട്ട് വെട്ടിക്കളയാൻ സാധിക്കില്ല എന്നത് വസ്‌തുതയാണെന്നും 2023 ലെ സംഭവത്തിൽ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ നടപടിയെടുത്തതാണെന്നും അനുരാഗ് ഠാക്കൂർ പറഞ്ഞു.

അടിസ്ഥാന രഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നത് രാഹുൽ ഗാന്ധിയുടെ ശീലമായി മാറിയെന്ന് പറഞ്ഞ അനുരാഗ് ഠാക്കൂർ മുൻപ് റാഫേൽ ഇടപാടുമായി ബന്ധപ്പെട്ടും പെഗാസസുമായി ബന്ധപ്പെട്ടും അടക്കം രാഹുൽ ഗാന്ധി ഉന്നയിച്ച ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്ന് തെളിഞ്ഞതാണെന്നും പറഞ്ഞു. പലപ്പോഴും രാഹുൽഗാന്ധി കോടതിയിൽ മാപ്പ് പറഞ്ഞു. ഇന്നുന്നയിച്ച ആരോപണങ്ങളിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ തന്നെ കാര്യങ്ങൾ വ്യക്തമാക്കിയിട്ടുണ്ടെന്നും അനുരാഗ് ഠാക്കൂർ വ്യക്തമാക്കി.

Read more