മഹുവ മൊയ്ത്ര ഔദ്യോഗിക ബംഗ്ലാവ് ഇന്ന് ഒഴിയും

ലോക്‌സഭയിൽ നിന്ന് പുറത്താക്കപ്പെട്ട തൃണമൂൽ കോൺഗ്രസ് നേതാവ് മഹുവ മൊയ്ത്ര ഇന്ന് സർക്കാർ ബംഗ്ലാവ് ഒഴിയും. സർക്കാർ ബംഗ്ലാവ് ഒഴിയണമെന്ന നോട്ടീസിനെതിരെ മഹുവ മൊയ്ത്ര നൽകിയ ഹർജി ഇന്നലെ ഡൽഹി ഹൈക്കോടതി തള്ളിയിരുന്നു. ഭവന നിര്‍മാണ- നഗര കാര്യാലയ വകുപ്പ് ആണ് ഔദ്യോഗിക ബംഗ്ലാവ് ഒഴിയാൻ നോട്ടീസ് നൽകിയത്.

ലോക്സഭയില്‍ നിന്ന് പുറത്താക്കിയതിനെ തുടർന്ന് ആണ് ബംഗ്ലാവ് ഒഴിയാന്‍ മഹുവയോട് ആവശ്യപ്പെട്ടത്. ചൊവ്വാഴ്ചയായിരുന്നു വസതി ഒഴിയാനുളള അവസാന തീയതി. നോട്ടീസ് നൽകിയിട്ടും മഹുവാ ബംഗ്ലാവ് ഒഴിയാന്‍ മഹുവാ തയ്യാറാകാത്തതോടെ കേന്ദ്ര സര്‍ക്കാര്‍ വീണ്ടും നോട്ടീസ് അയച്ചിരുന്നു. സ്വമേധയാ ഒഴിയാന്‍ തയ്യാറായില്ലെങ്കില്‍ ബലം പ്രയോഗിച്ച് പുറത്താക്കേണ്ടി വരുമെന്നാണ് ഭവന നിര്‍മ്മാണ നഗര കാര്യാലയ വകുപ്പിന്റെ കീഴിലുള്ള ഡയറക്ടറേറ്റ് ഓഫ് എസ്റ്റേറ്റിന്റെ നോട്ടീസില്‍ പറഞ്ഞിരുന്നത്.

പാര്‍ലമെന്റില്‍ ചോദ്യങ്ങള്‍ ഉന്നയിക്കാന്‍ വ്യവസായിയില്‍ നിന്ന് പണവും സമ്മാനങ്ങളും കൈപ്പറ്റിയെന്ന പരാതിയെ തുടര്‍ന്നാണ് മഹുവയെ ഡിസംബർ 8 ന് ലോക്‌സഭയില്‍ നിന്ന് പുറത്താക്കിയത്. ഒഴിപ്പിക്കൽ ഉത്തരവ് സ്റ്റേ ചെയ്യാൻ മഹുവ ഡൽഹി ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഹർജി കോടതി തള്ളുകയായിരുന്നു.