'സ്വന്തം മകൾ വിവാഹിതയല്ലേ, പിന്നെന്തിനാണ് മറ്റ് യുവതികളോട് സന്യാസം ആവശ്യപ്പെടുന്നത്'; സദ് ഗുരുവിനും ഇഷ ഫൗണ്ടേഷനുമെതിരെ മദ്രാസ് ഹൈക്കോടതി, ക്രിമിനൽ കേസുകളുടെ വിവരങ്ങൾ നൽകണം

സ്വയം പ്രഖ്യാപിത സദ്ഗുരു ജഗ്ഗി വാസുദേവനും ഇഷ ഫൗണ്ടേഷനുമെതിരെ നടപടികളുമായി മദ്രാസ് ഹൈക്കോടതി. ഇഷ ഫൗണ്ടേഷനെതിരായുള്ള എല്ലാ ക്രിമിനൽ കേസുകളുടെയും വിവരം തമിഴ്‍നാട് സർക്കാരിനോട് മദ്രാസ് ഹൈക്കോടതി ആവശ്യപ്പെട്ടു. തന്റെ രണ്ട് പെൺമക്കൾക്കുവേണ്ടി കോയമ്പത്തൂർ സ്വദേശിയായ മുൻ പൊഫസർ എസ് കാമരാജിന്റെ സമർപ്പിച്ച ഹെബിയസ് കോർപ്പസ് ഹർജിയിലാണ് ഹൈക്കേടതിയുടെ പരാമർശം. തന്റെ പെൺമക്കൾ കുടുംബം ഉപേക്ഷിച്ച് ഇഷ സെന്ററിൽ ജീവിക്കുന്നു എന്നായിരുന്നു ഹർജി.

നല്ല വിദ്യാഭ്യാസ യോഗ്യതയുള്ള തന്റെ മക്കളെ ബ്രെയിൻ വാഷ് ചെയ്ത് ഫൗണ്ടേഷനിൽ താമസിപ്പിക്കുന്നു. മനം മാറ്റിയതിലൂടെയാണ് പെൺമക്കൾ തന്നെ വിട്ടുപോയതെന്നാണ് അദ്ദേഹം വാദിച്ചത്. ജഗ്ഗി വാസുദേവ് സ്വന്തം മകളുടെ കല്യാണം നടത്തുകയും അവരെ ജീവിതത്തിൽ നല്ല നിലയിലെത്തിക്കുകയും ചെയ്ത ശേഷം മറ്റുള്ളവരോട് ലൗകിക ജീവിതം ഉപേക്ഷിക്കാൻ ആവശ്യപ്പെടുകയാണെന്ന് കോടതി നിരീക്ഷിച്ചു. ഇഷ യോഗ സെന്‍ററിൽ തല മൊട്ടയടിച്ച് ലൗകികസുഖം ത്യജിച്ച് യുവതികൾ ജീവിക്കുകയാണെന്ന് ചൂണ്ടികാട്ടിയ കോടതി, സദ്ഗുരു എന്തിനാണ് അവരെ പ്രോത്സാഹിപ്പിക്കുന്നതെന്നും ചോദിച്ചു.

ജസ്റ്റിസുമാരായ എസ്എം സുബ്രമണ്യം, വി ശിവജ്ഞാനം എന്നിവരായിരുന്നു കേസ് പരിഗണിച്ചത്. ഇഷ ഫൗണ്ടേഷനെതിരെ നിരവധി ക്രിമിനൽ പരാതികൾ ഉള്ളതിനാൽ വിഷയത്തിൽ കൂടുതൽ പരിശോധന വേണമെന്നും കോടതി പറഞ്ഞു. ‘ഫൗണ്ടേഷനെതിരെ ഉയർന്നുവരുന്ന ആരോപണങ്ങളുടെ ഗൗരവതരവും അവിടെ താമസിക്കുന്നവര്‍ സംസാരിച്ച രീതിയും കണക്കിലെടുക്കുമ്പോൾ, ആരോപണങ്ങളുടെ പിന്നിലെ സത്യാവസ്ഥ മനസിലാക്കാൻ കുറച്ചുകൂടി ആലോചനകൾ ആവശ്യമാണ്’- കോടതി അഭിപ്രായപ്പെട്ടു.

കാമരാജിന്റെ നാല്പത്തിരണ്ടും മുപ്പത്തിയൊൻപതും വയസുള്ള പെണ്മക്കൾ നിലവിൽ കോയമ്പത്തൂരിലെ ഇഷാ യോഗാ സെൻ്ററിലാണ് താമസിക്കുന്നത്. അവരെ കാണാനോ ബന്ധപ്പെടാനോ കുടുംബാംഗങ്ങളെ അനുവദിക്കുന്നില്ലെന്നാണ് കാമരാജ് ആരോപിക്കുന്നത്. ഒപ്പം ഫൗണ്ടേഷനെതിരെ നിലനിൽക്കുന്ന നിരവധി ക്രിമിനൽ കേസുകളും ലൈംഗിക പീഡനവും മോശം പെരുമാറ്റവും സംബന്ധിച്ച ആരോപണങ്ങളും അദ്ദേഹം കോടതിയിൽ ഉയർത്തിയിരുന്നു. ചില മരുന്നുകൾ ഭക്ഷണത്തിൽ കലർത്തി നൽകി യുവതികളെ അടിമകൾ ആക്കിയെന്നും മക്കൾ ഇല്ലാത്ത ജീവിതം നരകമാണെന്നും ഹർജിയിൽ ചൂണ്ടികാട്ടി.

കേസിൽ സമ്പൂർണ നീതി ഉറപ്പാക്കാനുള്ള 226 -ാം അനുച്ഛേദം പ്രയോഗിക്കുന്നതായും കോടതി വ്യക്തമാക്കി. കോടതിയുടെ മുൻ ഉത്തരവ് അനുസരിച്ച് രണ്ട് സ്ത്രീകളും കോടതിയിൽ ഹാജരായിരുന്നു. തങ്ങൾ സന്നദ്ധതയോടെയാണ് ഫൗണ്ടേഷനിലെത്തിയതെന്നും ആരും നിർബന്ധിക്കുന്നില്ലെന്നും അവർ പറഞ്ഞെങ്കിലും, ജഡ്ജിമാർ അവരുമായി ചേംബറിൽ സംസാരിച്ചിരുന്നു. തുടർന്നാണ് സംഭവത്തിൽ കൂടുതൽ സംശയങ്ങൾ ഉള്ളതായി കോടതി അറിയിച്ചത്.

Read more