'14 വര്‍ഷത്തിന് മുകളില്‍ ജീവപര്യന്തം ശിക്ഷ വിധിക്കാന്‍ കീഴ് കോടതികള്‍ക്ക് അധികാരമില്ല'; സുപ്രീംകോടതി

14 വര്‍ഷത്തിന് മുകളില്‍ ജീവപര്യന്തം ശിക്ഷ വിധിക്കാന്‍ കീഴ് കോടതികള്‍ക്ക് അധികാരമില്ലെന്ന് സുപ്രീംകോടതി. ജസ്റ്റിസ് എ. അമാനുള്ള അധ്യക്ഷനായ ബെഞ്ചിന്റേതാണ് നീരിക്ഷണം. ഇളവില്ലാത്ത ജീവപര്യന്തം വിധിക്കാന്‍ ഭരണഘടനാകോടതികള്‍ക്ക് മാത്രമാണ് അധികാരമെന്നും കോടതി വ്യക്തമാക്കി. അഞ്ചുമക്കളുടെ അമ്മയെ തീകൊളുത്തി കൊന്ന കേസില്‍ കര്‍ണാടക സ്വദേശിയുടെ അപ്പീലിലാണ് ഉത്തരവ്.

കൊലപാതകക്കേസുകളില്‍ പ്രതികള്‍ക്ക് 14 വര്‍ഷത്തില്‍ കൂടുതല്‍ ജീവപര്യന്തം തടവുശിക്ഷ വിധിക്കാന്‍ സെഷന്‍സ് കോടതികള്‍ക്ക് അധികാരമില്ലെന്നാണ് സുപ്രീംകോടതിയുടെ സുപ്രധാന നിരീക്ഷണം. അപൂര്‍വ്വം കേസുകളില്‍ 14 വര്‍ഷത്തിലധികമോ ജീവിതാന്ത്യം വരെയോ പ്രതിക്ക് ഇളവില്ലാത്ത ശിക്ഷ വിധിക്കാം. എന്നാല്‍ അത്തരം ജീവപര്യന്തം ശിക്ഷ വിധിക്കാന്‍ സെഷന്‍സ് കോടതിക്ക് അധികാരമില്ല എന്നാണ് സുപ്രീം കോടതിയുടെ ഉത്തരവ്.

14 വര്‍ഷത്തിലധികമോ ജീവിതാന്ത്യം വരെയോ പ്രതിക്ക് ഇളവില്ലാത്ത ശിക്ഷ വിധിക്കാൻ ഭരണഘടനാ കോടതികളുടെ അധികാരമാണെന്നും സുപ്രീംകോടതി വ്യക്തമാക്കി. അഞ്ചുമക്കളുടെ അമ്മയെ തീകൊളുത്തി കൊന്ന കേസില്‍ കര്‍ണാടക സ്വദേശിയുടെ അപ്പീലിലാണ് കോടതി ഇടപെടല്‍. പ്രതിക്കെതിരെയുള്ള വിചാരണക്കോടതി ശിക്ഷ ശരിവെച്ച കര്‍ണാടക ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി തള്ളി.ശിക്ഷ 14 വര്‍ഷത്തെ ജീവപര്യന്തമായി കുറച്ച കോടതി, ഇളവിനായി അപേക്ഷ സമര്‍പ്പിക്കാനും പ്രതിക്ക് അനുമതി നല്‍കി. കേസില്‍ ക്രിമിനല്‍ നടപടിക്രമ ചട്ടത്തിലെ സെക്ഷന്‍ 428 പ്രകാരമുള്ള ഇളവിന്റെ ആനുകൂല്യം പ്രതിക്ക് നല്‍കണോയെന്ന നിയമപ്രശ്‌നം മാത്രമാണ് പരിഗണിച്ചതെന്ന് സുപ്രീംകോടതി വ്യക്തമാക്കി.

Read more